സാക്ഷാൽ മലിംഗയെ തല്ലിതകർത്ത് അവതരിച്ച 23കാരൻ കോലിയെ പോലെ മറ്റൊരു 23കാരൻ: ശുഭ്മാൻ ഗില്ലിനെ പുകഴ്ത്തി പൃഥ്വിരാജ്

അഭിറാം മനോഹർ| Last Modified ശനി, 27 മെയ് 2023 (12:41 IST)
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്ങ്‌സിനെ പുകഴ്ത്തി നടന്‍ പൃഥ്വിരാജ്. ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിതകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെ പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലമുറമാറ്റത്തിന്റെ പുതിയ മുഖമാണെന്ന് പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി 133 റണ്‍സടിച്ച കോലിയുടെ ഇന്നിങ്ങ്‌സിനെയാണ് പൃഥ്വി പരാമര്‍ശിച്ചത്. മത്സരത്തിലെ ഒരോവറില്‍ 24 റണ്‍സടിച്ച് ഇന്ത്യയെ അന്ന് അവിശ്വസനീയമായ വിജയത്തിലേക്കെത്തിച്ചത് കോലിയുടെ മികവാണ്. ഈ ഇന്നിങ്ങ്‌സ് ഓര്‍ത്തെടുത്തുകൊണ്ടാണ് പൃഥ്വിയുടെ ട്വീറ്റ്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ 60 പന്തില്‍ 129 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. 7 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. സീസണില്‍ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :