ഹർമന്റെ വെടിക്കെട്ടിൽ സിംബാബ്വെ തകിടുപൊടി; പരമ്പര തൂത്തുവാരി ഇന്ത്യ
Harmanpreet Kaur
സിംബാബ്വെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. 92 റൺസിനാണ് ഇന്ത്യ സിംബാബ്വെയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഷാരൺ മയേഴ്‌സ് (49 പന്തിൽ 60), ബെലോവഡ് ബിസ (50 പന്തിൽ 44) എന്നിവരൊഴികെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സിംബാബ്വെ താരങ്ങളെല്ലാം ഒറ്റയക്കത്തിൽ തീർന്നു. ഇന്ത്യക്കായി നന്ദിനി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ദീപ്തി ശർമ, നികി പ്രസാദ് എന്നിവർക്ക് ഓരോ വിക്കറ്റ്.
ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. 41 പന്തിൽ 10 ഫോറും അഞ്ച് സിക്‌സുമായി 91 റൺസോടെ ഹർമൻ പുറത്താകാതെ നിന്നു. ഷഫാലി വർമ 37 പന്തിൽ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 69 റൺസെടുത്തു.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഒരു കളി പോലും ജയിക്കാൻ അതിഥികൾക്ക് സാധിച്ചില്ല. Also Read: 40 റൺസിൽ നാല് വിക്കറ്റ് പോയവർ അവസാനം 425 ന് ഡിക്ലയർ; ബാവുമ സ്‌ട്രോക്കിൽ വിറച്ച് ഓസീസ്
