ഹർമൻപ്രീത് കൗർ ഇന്ത്യൻ നായകസ്ഥാനം ഒഴിഞ്ഞു
Harmanpreet Kaur
ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രാജിവെച്ചു. നായകസ്ഥാനം ഒഴിയുകയാണെന്ന് ഹർമൻ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. എല്ലാ ഫോർമാറ്റിലെ നായകസ്ഥാനവും താരം ഒഴിഞ്ഞു.
എല്ലാം ടീമിനായി നൽകി
ഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻസി എല്ലാ ഫോർമാറ്റിൽ നിന്നും ഒഴിയുന്നതായി താരം കുറിച്ചു. അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല ഇത്. വർഷങ്ങളുടെ ഓർമകളും വികാരവും നിമിഷങ്ങളും ഇനിയുള്ള ജീവിതത്തിൽ തനിക്കൊപ്പം ഉണ്ടാകുമെന്നും ഹർമൻ പറഞ്ഞു. ഇന്ത്യൻ ടീമിനായി എല്ലാം നൽകി. ക്യാപ്റ്റനെന്ന നിലയിൽ പലപ്പോഴും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ട്. സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഇപ്പോൾ ക്യാപ്റ്റൻസി ഒഴിയുന്നതെന്നും ഹർമൻ പറഞ്ഞു.
ലോകകപ്പ് ഹീറോ
ഇന്ത്യ 2025 ഏകദിന ലോകകപ്പ് നേടുമ്പോൾ ഹർമൻപ്രീത് ആയിരുന്നു ക്യാപ്റ്റൻ. 2016 ലാണ് ഹർമൻ നായകസ്ഥാനത്തേക്ക് എത്തിയത്. 37 കാരിയായ ഹർമൻ ഇന്ത്യയെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും 51 ഏകദിനങ്ങളിലും 155 ട്വന്റി 20 മത്സരങ്ങളിലും നയിച്ചു.
