India vs West Indies 2nd Test: സെഞ്ചുറിക്ക് അരികെ കോലി, രോഹിത്തിനും ജയ്‌സ്വാളിനും അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യഷസ്വി ജയ്‌സ്വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്

രേണുക വേണു| Last Modified വെള്ളി, 21 ജൂലൈ 2023 (09:14 IST)

India vs West Indies 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 84 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടിയിട്ടുണ്ട്. 161 പന്തില്‍ 87 റണ്‍സുമായി വിരാട് കോലിയും 84 പന്തില്‍ 36 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോള്‍ ക്രീസില്‍. കരിയറിലെ 500-ാം രാജ്യാന്തര മത്സരം കളിക്കാന്‍ ഇറങ്ങിയ കോലിക്ക് സെഞ്ചുറി തികയ്ക്കാന്‍ ഇനി വെറും 13 റണ്‍സാണ് ആവശ്യം.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യഷസ്വി ജയ്‌സ്വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 139 റണ്‍സ് നേടി. രോഹിത് ശര്‍മ 143 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജയ്‌സ്വാള്‍ 74 പന്തില്‍ 57 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ (12 ബോളില്‍ 10), അജിങ്ക്യ രഹാനെ (36 പന്തില്‍ എട്ട്) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി.

ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :