അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജൂലൈ 2023 (18:21 IST)
എമര്‍ജിങ് ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ എ ടീം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 205 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 36.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസമായി വിജയം സ്വന്തമാക്കി. ബൗളിംഗില്‍ അഞ്ച് വിക്കറ്റുമായി രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ പുറത്താകാതെ 104 റണ്‍സുമായി സായ് സുദര്‍ശനും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പ്രകടനം നടത്തി.
അതേസമയം ഇന്ത്യന്‍ എ ടീമില്‍ കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ യുവതാരം ധ്രുവ് ജുറേല്‍ നടത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന് പിന്‍ഗാമിയായി വളര്‍ത്തികൊണ്ടിരിക്കുന്ന താരം കീപ്പിംഗിലും തിളങ്ങിയത് ടീമിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. മൂന്ന് തകര്‍പ്പന്‍ ക്യാച്ചും ഒരു സ്റ്റമ്പിംഗും ഉള്‍പ്പടെ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്.
ബാറ്റിംഗില്‍ അവസരം ലഭിച്ചില്ലെങ്കിലും കീപ്പറെന്ന നിലയില്‍ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായി. വരും സീസണില്‍ അഴിച്ചുപണികള്‍ക്ക് തയ്യാറെടുക്കുന്ന രാകസ്ഥാന്‍ റോയല്‍സില്‍ വരുന്ന സീസണുകളില്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ലേലത്തില്‍ താരം എത്തുകയാണെങ്കില്‍ വന്‍ വില നല്‍കി മറ്റ് ഫ്രാഞ്ചൈസികള്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്.