India vs West Indies 1st ODI Score card: ആദ്യം എറിഞ്ഞിട്ടു, പിന്നെ ബാറ്റിങ്ങില്‍ പരീക്ഷണം; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

ടോസ് ലഭിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 27 ജൂലൈ 2023 (23:22 IST)

India vs West Indies 1st ODI Score card: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയറണ്‍ നേടി. ഇഷാന്‍ കിഷന്‍ 46 പന്തില്‍ ഏഴ് ഫോറും സഹിതം 52 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. മൂന്ന് മത്സരങ്ങളുടെ ഏകദിനത്തില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

ടോസ് ലഭിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ ഷായ് ഹോപ്പ് (45 പന്തില്‍ 43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യ, മുകേഷ് കുമാര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മധ്യനിരയിലേക്ക് നിയോഗിച്ചിരുന്ന ഇഷാന്‍ കിഷന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി. ഗില്‍ ഏഴ് റണ്‍സിന് പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ പിടിച്ചുനിന്നു. സഞ്ജുവിന് പകരം തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമായിരുന്നു ഇഷാന്‍ കിഷന്റേത്. സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19) മൂന്നാമനായും ഹാര്‍ദിക് പാണ്ഡ്യ (ഏഴ് പന്തില്‍ അഞ്ച്) നാലാമനായും ആണ് ക്രീസില്‍ എത്തിയത്. രവീന്ദ്ര ജഡേജ 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ 19 പന്തില്‍ പുറത്താകാതെ 12 റണ്‍സ് നേടി. രോഹിത് ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. വിരാട് കോലിക്ക് ബാറ്റിങ്ങിനായി ഇറങ്ങേണ്ടി വന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :