ഹാർദിക്കിന്റെ മോശം ഫോം തലവേദന, രണ്ടാം ടി20 ഇന്ന്, സഞ്ജുവിന് നിർണായകം

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂലൈ 2021 (14:27 IST)
പരമ്പര സ്വന്തമാക്കാനുറച്ച് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെയിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് വിളി വന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ഓപ്പണിങ് താരം പൃഥ്വി ഷായും സൂര്യകുമാർ യാദവും കളിക്കുമോ എന്നത് വ്യക്തമല്ല.

ആദ്യ ടി20 മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. സൂര്യകുമാർ യാദവ് 34 പന്തിൽ നിന്നും 50 റൺസെടുത്ത് പുറത്തായി. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശം ഫോം തുടരുന്ന ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്‌ടിക്കുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ഫീൽഡിലു മോശം പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ ഹാർദ്ദിക്കിന്റെ ഭാഗത്ത് നിന്നുണ്ടായത്.

അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമിൽ സ്ഥാനം നിലനിർത്താൻ ഇന്ന് മികച്ച പ്രകടനം കാഴ്‌ച്ചവെക്കേണ്ടതുണ്ട്. ആദ്യ ടി20യിൽ നന്നായി തുടങ്ങിയെങ്കിലും മികച്ച തുടക്കം മുതലാക്കാൻ സഞ്ജുവിനായില്ല. 20 പന്തിൽ 2 ഫോറും ഒരു സിക്‌സറും ഉൾപ്പടെ 27 റൺസാണ് സഞ്ജു നേടിയത്. ഇന്ത്യയ്‌ക്കായി 8 ടി20 മത്സരങ്ങളിൽ 13.75 ശരാശരിയിൽ 113 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :