India vs Pakistan Match, Predicted 11: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നാളെ, സാധ്യത ഇലവന്‍ ഇങ്ങനെ

കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്താനാണ് ഇന്ത്യ ആലോചിക്കുന്നത്

India vs Pakistan
രേണുക വേണു| Last Modified ശനി, 8 ജൂണ്‍ 2024 (16:42 IST)
India vs Pakistan

India vs Pakistan Match, Predicted 11: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ. ആദ്യ മത്സരത്തില്‍ യുഎസ്എയോട് തോറ്റ പാക്കിസ്ഥാനാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് ജയം നേടിയ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കാമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ്. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. ശിവം ദുബെയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ സഞ്ജുവിന് ഇത്തവണ അവസരം ലഭിക്കൂ. ദുബെ പാര്‍ട് ടൈം ബൗളര്‍ കൂടി ആയതിനാല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെ മാറ്റി കുല്‍ദീപ് യാദവിനെ കളിപ്പിക്കാനുള്ള സാധ്യത മാത്രമേ നിലവില്‍ കാണുന്നുള്ളൂ.

നാളെ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ന്യൂയോര്‍ക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. യുഎസ്എ, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഒപ്പം ഗ്രൂപ്പ് എയില്‍ ഉള്ളത്. ട്വന്റി 20 ലോകകപ്പില്‍ എട്ട് തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. 2021 ലെ ലോകകപ്പിലാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ജയം നേടിയിരിക്കുന്നത്.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :