സ്പിൻ ചുഴിയിൽ ഇംഗ്ലണ്ട് വീണു, രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 317 റൺസിന്റെ കൂറ്റൻ വിജയം, അക്‌സർ പട്ടേലിന് അഞ്ചു വിക്കറ്റ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (13:10 IST)
ചെപ്പോക്കിലെ പിച്ചിൽ ഇംഗ്ലണ്ടിനെ കറക്കിവീഴ്‌ത്തി രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 317 റൺസിന്റെ കൂറ്റൻ വിജയം. രണ്ടാം ഇന്നിങ്സിൽ ഉയർത്തിയ 482 റൺസെന്ന റൺമല താണ്ടാനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം തന്നെ ഇന്ത്യയൊരുക്കിയ സ്പിൻ കെണിയിൽ വീഴുന്ന കാഴ്ച്ചയായിരുന്നു രണ്ടാം ടെസ്റ്റിൽ കാണാനായത്.

സ്പിന്നർമാർക്ക് വലിയ ആനുകൂല്യം ലഭിച്ച പിച്ചിൽ ഇന്ത്യൻ പേസർമാർ വെറും കാഴ്ച്ചക്കാർ മാത്രമായപ്പോൾ അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേൽ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും കുൽ‌ദീപ് യാദവിന്റെ 2 വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ സെഷനിൽ തന്നെ നാല് വിക്കറ്റ് കൂടി നഷ്ടമായിരുന്നു. ഒരറ്റത്ത് ഇളകാതെ നായകൻ ജോ റൂട്ട് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ സ്പിൻ കൊടുങ്കാറ്റിന് മുന്നിൽ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല.റൂട്ട് 92 പന്തിൽ 33 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേലിനാണ് റൂട്ടിന്റെ വിക്കറ്റ്.

ആദ്യ ഇന്നിങ്സിൽ രോഹിത് ശർമയുടെയും രണ്ടാം ഇന്നിങ്സിൽ രവിചന്ദ്ര അശ്വിന്റെയും സെഞ്ചുറി പ്രകടനങ്ങളാണ് മത്സരത്തിൽ നിർണായകമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :