ബാറ്റിങ്ങിലും തിളങ്ങി രവിചന്ദ്ര അശ്വിൻ, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 482 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (15:55 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 482 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ രവിചന്ദ്ര അശ്വിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ്
താരം സെഞ്ചുറിയിലേക്ക് കുതിച്ചത്.

അതേസമയം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ സ്പിൻ ആക്രമണത്തിന് മുന്നിൽ ആദ്യം പതറിയെങ്കിലും കോലിയും അശ്വിനും ചേർന്ന് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 106 ന് ആറ് എന്ന നിലയില്‍ നിന്നും ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 202 റണ്‍സിലെത്തിച്ചു.

62 റൺസുമായി നായകൻ വിരാട് കോലി പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച കളിയാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുക്കാൻ ഇന്ത്യക്കായിരുന്നു. അശ്വിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ മത്സരത്തിൽ ശക്തമായ ആധിപത്യം ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് മാത്രമായിരുന്നു ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച്, മോയിൻ അലി എന്നിവർ നാലു വിക്കറ്റ് സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :