ഇന്ത്യയെ തല്ലിയോടിച്ച് ബട്ട്‌ലറും ഹെയ്ൽസും, ലോകകപ്പ് സെമിയിൽ നാണംകെട്ട തോൽവി

അഭിറാം മനോഹർ| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (16:38 IST)
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ. മത്സരത്തിൻ്റെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് അവസരം നൽകാതിരുന്ന ഇംഗ്ലണ്ട് സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്.

ഇന്ത്യൻ ഓപ്പണർമാർ ഒരിക്കൽ കൂടി പരാജയപ്പെട്ട മത്സരത്തിൽ വിരാട് കോലി(50) ഹാർദ്ദിക് പാണ്ഡ്യ (63) എന്നിവരുടെ പ്രകടനമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എന്നാൽ ആദ്യ പന്ത് മുതൽ തന്നെ ഇന്ത്യൻ ബൗളർമാരെ പ്രഹരിക്കാൻ ആരംഭിച്ച ഇംഗ്ലണ്ട് ഓപ്പണിങ് ജോഡി ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചുവരാനുള്ള അവസരം നൽകിയില്ല.

പേസർമാരെയും സ്പിന്നർമാരെയും ഒരു പോലെ പ്രഹരിച്ച ഓപ്പണിങ് ജോഡി 24 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലർ 49 പന്തിൽ 80 റൺസും അലെക്സ് ഹേയ്ൽസ് 47 പന്തിൽ നിന്നും 86 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന നേട്ടം ഇരുവരും സ്വന്തമാക്കി. അതേസമയം ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ 10 വിക്കറ്റ് തോൽവിയാണിത്. നേരത്തെ 2021 ലോകകപ്പിൽ പാകിസ്ഥാനോടും ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :