ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ; രക്ഷകനാകുമോ പന്ത്?

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (08:16 IST)

ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ. അവസാന ദിനമായ ഇന്ന് ഏറെ നാടകീയ രംഗങ്ങള്‍ അരങ്ങേറുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 181 റണ്‍സാണ് ഇന്ത്യ എടുത്തിരിക്കുന്നത്. 154 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഉള്ളത്. അഞ്ചാം ദിനമായ ഇന്ന് ആദ്യ സെഷന്‍ മുഴുവനും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഭീഷണി ഒഴിയൂ. 29 പന്തില്‍ 14 റണ്‍സുമായി റിഷഭ് പന്തും 10 ബോളില്‍ നാല് റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ഇപ്പാള്‍ ക്രീസില്‍. വാലറ്റത്തെ കൂട്ടുപിടിച്ച് പന്ത് എത്ര റണ്‍സ് അടിച്ചെടുക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ലീഡ് 250 ല്‍ എത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകും. ആദ്യ സെഷന്‍ മുഴുവന്‍ കളിക്കാനായിരിക്കും ഇന്ത്യ പരിശ്രമിക്കുക.

55/3 എന്ന നിലയില്‍ അടിതെറ്റിയ ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ്. ഇരുവരും നാലാം വിക്കറ്റില്‍ 100 റണ്‍സ് പടുത്തുയര്‍ത്തി. രഹാനെ 146 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയപ്പോള്‍ ചേതേശ്വര്‍ പൂജാര 206 പന്തില്‍ നിന്ന് 45 റണ്‍സുമായി പ്രതിരോധക്കോട്ട കെട്ടി.

ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ മാര്‍ക് വുഡ് മൂന്നും മോയീന്‍ അലി രണ്ടും ഒലി റോബിന്‍സണ്‍ ഒരു വിക്കറ്റും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :