ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (09:48 IST)
ഇന്ത്യ- ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ വ്യാഴാഴ്ച പ്രഖ്യാപിക്കും. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ആഗസ്ത് 12-ന് തുടക്കം കുറിക്കും. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളുമായുള്ള ടെസ്റ്റ് പരമ്പരകള്‍ ടീം ഇന്ത്യയുടെ ദൌര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതിനാല്‍ ഇത്തവണ സെലക്ടര്‍മാര്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല എന്നാണ് കരുതുന്നത്.

അഞ്ച് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാരുള്ള ലങ്കന്‍ നിരയെ പ്രതിരോധിക്കാന്‍ ഓഫ് സ്പിന്നര്‍മാരായ ആര്‍ ആശ്വിനും ഹര്‍ഭജന്‍സിങ്ങും ടീമിലുണ്ടാകും. മൂന്നാം സ്പിന്നറുടെ സ്ഥാനത്തേക്ക് അക്ഷര്‍ പട്ടേലിനാണ് സാധ്യത കൂടുതല്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ക്ക് സാധ്യത കൂടുതലാണ്.

ടീമിലെ ആറ് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ മാറ്റങ്ങളുണ്ടാകില്ല. കോലിക്ക് പുറമെ, ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, മുരളി വിജയ്, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവര്‍ ടീമിലെത്തും. യുവതാരം ലോകേഷ് രാഹുല്‍ ടീമിലേക്ക് തിരികെയെത്താന്‍ സാധ്യതയുണ്ട്. വിക്കറ്റ്കീപ്പറായി ആദ്യ പരിഗണന വൃദ്ധിമാന്‍ സാഹയ്ക്കാണ്. രണ്ടാം വിക്കറ്റ് കീപ്പര്‍ വേണമെന്ന് തീരുമാനിച്ചാല്‍ നമന്‍ ഓജ, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കും.

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തെത്തിയ ശേഷം ആദ്യ പരമ്പര ജയമാണ് വിരാട് കോലി പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഉയര്‍ന്നവിവാദങ്ങളെ തണുപ്പിക്കാന്‍ ബാറ്റിങ്ങിലും നായകമികവിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലി നിര്‍ബന്ധിതനാണ്.
കൂടാതെ കുമാര സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പരയായതിനാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതും അത്യാവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :