“ തോറ്റതല്ല, തോറ്റു കൊടുത്തതാണ് ”; ഇന്ത്യയുടെ തോല്‍‌വിക്ക് കാരണക്കാര്‍ ഇവരോ ?

“ തോറ്റതല്ല, തോറ്റു കൊടുത്തതാണ് ”; ഇന്ത്യയുടെ തോല്‍‌വിക്ക് കാരണക്കാര്‍ ഇവരോ ?

champions trophy , India Sri Lanka match , team india , Virat kohli , ms dhoni , sachin , mathews , ചാമ്പ്യന്‍സ് ട്രോഫി , വിരാട് കോഹ്‌ലി , ഇന്ത്യ ശ്രീലങ്ക മത്സരം , ബോളിംഗ് , ലോക ക്രിക്കറ്റ് , വിരാട് കോഹ്‌ലി , എം എസ് ധോണി , ധവാന്‍
ലണ്ടൻ| jibin| Last Updated: വെള്ളി, 9 ജൂണ്‍ 2017 (15:26 IST)
ലോക ക്രിക്കറ്റിലെ വന്‍ശക്തിയെന്നറിയപ്പെടുന്ന ഇന്ത്യ കുഞ്ഞന്മാരായ ശ്രീലങ്കയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ സകലരും മൂക്കത്ത് വിരല്‍ വെച്ചു പോയി. ജയങ്ങളുടെ അഹങ്കാരത്തില്‍ മൈതാനത്തിറങ്ങിയ ലങ്കയെ വിലകുറച്ചു കണ്ടതിനുള്ള ശിക്ഷയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിച്ചത്.

ഇന്ത്യ തോല്‍‌വി ഏറ്റുവാങ്ങിയപ്പോള്‍ ലങ്കയ്‌ക്ക് ആശ്വസിക്കാനുള്ള സകല ചേരുവകളും ഈ ജയത്തിലുണ്ടായിരുന്നു. ബോളിംഗില്‍ പരാജയപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരേണ്ട അവസ്ഥയിലായ ലങ്കന്‍ ബാറ്റ്സ്‌മാന്‍‌മാര്‍ ബുദ്ധിപൂര്‍വ്വമായ കളിയിലൂടെയാണ് ഇന്ത്യയെ തൂത്തെറിഞ്ഞത്.

ബാറ്റിംഗില്‍ ഇന്ത്യക്ക് തിരിച്ചടിയായത്:-

ബാറ്റിംഗില്‍ പതിയെ തുടങ്ങി പിന്നീട് ആളിക്കത്തുന്ന രീതിയാണ് രോഹിത് സര്‍മ്മ- ശിഖര്‍ ധവാന്‍ സഖ്യം പുറത്തെടുത്തത്. പാകിസ്ഥാനെതിരായി വിജയിച്ച ഈ തന്ത്രം ലങ്കയ്‌ക്കെതിരെയും ഫലത്തിലെത്തി. എന്നാല്‍, അപ്രതീക്ഷിതമായി രോഹിത്ത് പുറത്തായത് വേഗത്തിലായ റണ്ണൊഴുക്കിന് വിഘാതമായി. രോഹിത്ത് പുറത്തായതിന് പിന്നാലെ എത്തിയ വിരാട് കോഹ്‌ലി പൂജ്യനായി പുറത്തായതും നാലാമനായി എത്തിയ യുവരാജ് സിംഗ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതും വന്‍ ടോട്ടല്‍ എന്ന സ്വപ്‌നത്തെ ബാധിച്ചു.

18 പന്തുകള്‍ നേരിട്ട യുവരാജ് ഏഴ് റണ്‍സുമായി കൂടാരം കയറിയതും തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ വമ്പനടികള്‍ക്ക് നില്‍ക്കാതെ അതിവേഗം മടുങ്ങുകയും ചെയ്‌തതോടെ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇഴഞ്ഞു. മഹേന്ദ്ര സിംഗ് ധോണി ക്രീസില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കൂറ്റനടികള്‍ നടത്താന്‍ സാധിച്ചില്ല. ഇതോടെ ലഭിക്കേണ്ടിയിരുന്ന 30-40 റണ്‍സ് നഷ്‌ടമായതോടെ ഇന്ത്യന്‍ സ്‌കോര്‍ 321റണ്‍സിലൊതുങ്ങി. ലങ്ക ബാറ്റ് ചെയ്‌തപ്പോഴാണ് നഷ്‌ടമായ റണ്‍സിനെയോര്‍ത്ത് ഇന്ത്യക്ക് വിലപിക്കേണ്ടി വന്നത്.

തൊട്ടതെല്ലാം പിഴച്ച ബോളിംഗ്:-

ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നീ ബോളര്‍മാര്‍ പരാജയപ്പെട്ട മത്സരമായിരുന്നു ഇന്ത്യ ശ്രീലങ്ക മത്സരം. 11 റൺസിനിടെ ആദ്യ വിക്കറ്റ് വീണതൊഴിച്ചാല്‍ ലങ്കയ്‌ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. സ്‌പിന്നറായ രവീന്ദ്ര ജഡേജയാണ് (ആറ് ഓവറിൽ 52 റൺസ്) തല്ലുവാങ്ങുന്നതില്‍ മുന്നില്‍ നിന്നത്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന് ബാറ്റ്സ്‌മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല.

പാണ്ഡ്യ വിക്കറ്റ് വീഴ്‌ത്തുമെന്ന് കോഹ്‌ലി ഉറച്ചു വിശ്വസിച്ചെങ്കിലും അവിടെയും പ്രതീക്ഷ തെറ്റി. കേദാർ ജാദവിന് പന്ത് നല്‍കിയിട്ടും പരാജയപ്പെട്ടതോടെ നായകനും ബോളിംഗിനെത്തി. 13 ഓവർ ബോൾ ചെയ്ത ഹാർദ്ദിക്കും ജഡേജയും ചേർന്ന് വഴങ്ങിയ 103 റൺസാണ് ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ഇതോടെ തോല്‍‌വി സമ്മതിച്ചതു പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്ത് നിന്നിരുന്നത്.

ലങ്കയുടെ മനോഹരമായ ബാറ്റിംഗ്:-

മികച്ച കൂട്ടു കെട്ടിലൂടെ ഇന്ത്യന്‍ സ്‌കോറിനെ പിന്തുടരുക എന്ന തന്ത്രമാണ് ലങ്ക പിന്തുടര്‍ന്നത്. ആദ്യ വിക്കറ്റ് നഷ്‌ടമായ ശേഷം ഗുണതിലക– കുശാൽ മെൻഡിസ് സഖ്യം 23.1 ഓവവില്‍
6.86 റൺസ് ശരാശരിയിൽ 159 റൺസ് കൂട്ടിച്ചേര്‍ത്തതോടെ കളി ലങ്കയുടെ വരുതിയിലായി. ഇന്ത്യന്‍ ബോളര്‍മാരുടെ ബലഹീനതകള്‍ മനസിലാക്കി ബാറ്റ് വീശുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. നാലാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കുശാൽ പെരേര– മാത്യൂസ് സഖ്യം ഇന്ത്യന്‍ ബോളര്‍മാരെ കശാപ്പ് ചെയ്‌തതോടെ ഇന്ത്യയുടെ തോല്‍‌വി വ്യക്തമായി.

ഇന്ത്യക്കുണ്ടായിരുന്നത് നേരിയ അഹങ്കാരമോ ?

ശ്രലങ്കയെ നേരിടാനിറങ്ങിയ ഇന്ത്യ എതിരാളികളെ വിലകുറച്ചു കണ്ടതാണ് തോല്‍‌വിക്ക് പ്രധാനമായത്. ഇന്ത്യയെ തോല്‍‌പ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് പറഞ്ഞപ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തിലായി. ബാറ്റിംഗിലും ബോളിംഗിലും മുന്നിട്ടു നില്‍ക്കുന്ന തങ്ങളെ ലങ്കയ്‌ക്ക് തോല്‍‌പ്പിക്കാന്‍ സാധിക്കില്ല എന്ന തോന്നലും കോഹ്‌ലിക്കും സംഘത്തിനുമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :