അഭിറാം മനോഹർ|
Last Modified ശനി, 6 ഡിസംബര്‍ 2025 (14:09 IST)
ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ സമനിലയില്‍ പിടിച്ചുകെട്ട് വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 531 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വെസ്റ്റിന്‍ഡീസ് ഒരു ഘട്ടത്തില്‍ നാലിന് 72 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ്, കെമര്‍ റോച്ച് സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പാണ് വെസ്റ്റിന്‍ഡീസിന് സമനില സമ്മാനിച്ചത്. നായകന്‍ ഷായ് ഹോപ്പും വെസ്റ്റിന്‍ഡീസ് നിരയില്‍ തിളങ്ങി.
72ന് 4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസ് തോല്‍വി മുന്നില്‍ കണ്ട ഇടത്ത് നിന്നാണ് ശക്തമായ പോരാട്ടം നടത്തി മത്സരത്തില്‍ തിരികെ വന്നത്.
അഞ്ചാം വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനൊപ്പം 194 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ നായകന്‍ ഷായ് ഹോപ്പ് 234 പന്തില്‍ 140 റണ്‍സ് നേടിയ ശേഷമാണ് മടങ്ങിയത്. ടീം സ്‌കോര്‍ 268ല്‍ നില്‍ക്കെ ഷായ് ഹോപ്പ് പുറത്തായി. തൊട്ടുപിന്നാലെ ടെവിന്‍ ഇമ്ലാച്ചും മടങ്ങിയെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെമര്‍ റോച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ് സഖ്യം മികച്ച പോരാട്ടം കാഴ്ചവെച്ചു.
388 പന്തില്‍ നിന്ന് 202 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സും 233 പന്തില്‍ 53 റണ്‍സുമായി കെമര്‍ റോഷും ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കോട്ട കെട്ടി പ്രതിരോധം കാക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 409 പന്തുകളാണ് ഗ്രീവ്‌സ്- റോച്ച് സഖ്യം നേരിട്ടത്. 37കാരനായ റോച്ചിന് ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് നേടാനും സാധിച്ചിരുന്നു.
രണ്ടാം ഇന്നിങ്ങ്‌സില്‍ രചിന്‍ രവീന്ദ്ര(176), ടോം ലാഥം(145) എന്നിവരുടെ കരുത്തിലാണ് കിവീസ് 465 റണ്‍സ് നേടിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് 231 റണ്‍സിന് പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിന് 167 റണ്‍സ് നേടാനെ സാധിച്ചിരുന്നുള്ളു.