തോറ്റാൽ പരമ്പര നഷ്ടമാകും, മൂന്നാം ടി20യിൽ സഞ്ജു ഇറങ്ങും? കഴിവ് തെളിയിക്കാൻ അവസാന അവസരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:55 IST)
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയില്‍ നടക്കും. ഇന്ത്യന്‍ സമയം 8 മണിക്ക് നടക്കുന്ന മത്സരം ഡിഡി സ്‌പോര്‍ട്‌സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും കാണാം. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം ടൂര്‍ണമെന്റില്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.

ഓപ്പണിംഗില്‍ മോശം ഫോം തുടരുന്ന ഇഷാന്‍ കിഷന് പകരം യശ്വസി ജയ്‌സ്വാള്‍ ടീമിലിടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിരയില്‍ സൂര്യകുമാറും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നില്ലെങ്കിലും ഇരുവരും ടീമില്‍ തുടരാനാണ് സാധ്യത. ടോപ്പ് ഓര്‍ഡറിനൊപ്പം മിഡില്‍ ഓര്‍ഡറും മോശം പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെയ്ക്കുന്നത്. യുവതാരം തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നത്.

ഇന്ത്യയെ പോലെ വെസ്റ്റിന്‍ഡീസിലും ബാറ്റിംഗ് നിരയുടെ പ്രകടനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും നിക്കോളാസ് പുറാന്‍, റൊവ്മാന്‍ പവല്‍,ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നീ താരങ്ങള്‍ക്ക് ചുരുക്കം ബോളുകളില്‍ തന്നെ മത്സരം മാറ്റിമറിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ മൂന്നാം ടി20യില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടി വരും.2016ന് ശേഷം ഇന്ത്യക്കെതിരെ രണ്ടോ അതില്‍ കൂടുതല്‍ മത്സരങ്ങളോ അടങ്ങിയ പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് വിജയിച്ചിട്ടില്ല. ഇന്ന് ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ആ നാണക്കേട് കൂടി ഹാര്‍ദ്ദിക്കിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് സ്വന്തമാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :