ഐപിഎല്ലിന് ശേഷം എന്തുപറ്റി? ലോകകപ്പ് അടുത്ത് നില്‍ക്കെ ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ ദയനീയം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (19:56 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റില്‍ 900 റണ്‍സിലധികം റണ്‍സാണ് ശുഭ്മാന്‍ ഗില്‍ വാരികൂട്ടിയത്. അഹമ്മദാബാദില്‍ മാത്രം 2 സെഞ്ചുറികള്‍ കണ്ടെത്തിയ താരം പക്ഷേ ഐപിഎല്‍ കഴിഞ്ഞതോടെ തീര്‍ത്തും നിറം മങ്ങിയിരിക്കുകയാണ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ അഹമ്മദാബാദില്‍ മാത്രം സെഞ്ചുറി നേടുന്ന താരമെന്ന രീതിയില്‍ ഗില്ലിനെ ട്രോളുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് വിമര്‍ശകര്‍.

ഇന്ത്യയുടെ ഭാവിതാരമെന്നും വിരാട് കോലിയുടെ പിന്‍ഗാമിയെന്നും വിശേഷണമുള്ള ഗില്‍ ഐപിഎല്ലിന് ശേഷം ഒരൊറ്റ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഐപിഎല്ലിന് പിന്നാലെ വന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് ഇന്നിങ്ങ്‌സുകളില്‍ 13,18 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഇതിന് പിന്നാലെ വന്ന വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും താരം നിരാശപ്പെടുത്തി. 2 ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത 3 ഇന്നിങ്ങ്‌സുകളില്‍ 6,10,29* എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ ഏകദിനപരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 7 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും രണ്ടാം ഏകദിനത്തില്‍ 34 റണ്‍സും മൂന്നാം ഏകദിനത്തില്‍ 85 റണ്‍സും താരം നേടി. ഇതോടെ തിരിച്ചുവരവിന്റെ സൂചനകള്‍ താരം കാണിച്ചുവെങ്കിലും പിന്നീട് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന 2 ടി20 മത്സരങ്ങളില്‍ നിന്നും 10 റണ്‍സാണ് ഗില്ലിന് നേടാനായിട്ടുള്ളത്. ഇതോടെ ഇന്ത്യയ്ക്കകത്ത് മാത്രം കളിക്കാനുള്ള ശേഷി മാത്രമാണ് ഗില്‍ കാണിച്ചിട്ടുള്ളതെന്നും കോലിയുമായി ഗില്ലിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഒരു കൂട്ടര്‍ പറയുന്നു. ലോകകപ്പ് അടുത്തിരിക്കെ ഗില്‍ നിറം മങ്ങുന്നത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കൂടി ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ വരുന്ന മത്സരങ്ങളില്‍ താരം ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :