രേണുക വേണു|
Last Modified ബുധന്‍, 15 നവംബര്‍ 2023 (10:23 IST)
ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുക അഞ്ച് ബൗളര്‍മാരുമായി. ആറാം ബൗളറായി രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്താന്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും സൂര്യകുമാറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയാല്‍ ബാറ്റിങ് ഡെപ്ത്ത് കുറയുമെന്ന് മാനേജ്‌മെന്റ് വിലയിരുത്തി. സൂര്യകുമാര്‍ പ്ലേയിങ് ഇലവനില്‍ തുടരണമെന്നാണ് നായകന്‍ രോഹിത് ശര്‍മയുടെയും നിലപാട്. മുംബൈ വാങ്കഡെ സ്റ്റേഡിയം ഐപിഎല്ലില്‍ സൂര്യയുടെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ട് തന്നെ സൂര്യയെ ഒഴിവാക്കി അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിലയിരുത്തി.
മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാകും ഇന്ത്യയുടെ ബൗളിങ് ലൈനപ്പ്. ആറാം ബൗളര്‍ എന്ന നിലയില്‍ ആവശ്യം വന്നാല്‍ വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഉപയോഗിക്കാം. മികച്ച ബൗളിങ് നിരയാണ് ന്യൂസിലന്‍ഡിന് ഉള്ളത്. അതുകൊണ്ട് ബാറ്റിങ് ഡെപ്ത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് രോഹിത്തിന്റെ നിലപാട്.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്