ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍മഴ, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റര്‍മാരുടെ ശവപ്പറമ്പ്; നെഞ്ചിടിപ്പോടെ ഇന്ത്യ, 2019 ആവര്‍ത്തിക്കുമോ?

ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികള്‍ വാങ്കഡെയില്‍ നടന്നു. മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവര്‍

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (08:39 IST)

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരത്തിനായി മുംബൈ വാങ്കഡെ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. 2019 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ലീഗ് ഘട്ടത്തില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് എത്തിയത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് കളികള്‍ തോറ്റിട്ടുണ്ട്. മത്സരത്തിലെ വിജയികളെ നിര്‍ണയിക്കുന്നതില്‍ ടോസ് അതീവ നിര്‍ണായകമാണ്. ടോസ് ലഭിച്ചാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുന്നവര്‍ 25 ശതമാനം കളി ജയിച്ചു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികള്‍ വാങ്കഡെയില്‍ നടന്നു. മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവര്‍. അഫ്ഗാനിസ്ഥാനെതിരെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ വെടിക്കെട്ടിലൂടെ ഓസ്‌ട്രേലിയ നേടിയ ജയമാണ് വാങ്കഡെയിലെ സ്‌കോര്‍ പിന്തുടര്‍ന്നുള്ള ഏക ജയം.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂറ്റന്‍ സ്‌കോറുകളാണ് വാങ്കഡെയില്‍ പിറക്കുന്നത്. വാങ്കഡെയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഓവറില്‍ 170 ന് ഓള്‍ഔട്ടായി. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തന്നെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 ന് ഓള്‍ഔട്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 357 റണ്‍സ് നേടിയതും വാങ്കഡെയില്‍ തന്നെ. മറുപടി ബാറ്റിങ്ങില്‍ ലങ്ക 55 ന് ഓള്‍ഔട്ടായി.

രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ആദ്യ 15 ഓവര്‍ അതീവ ദുഷ്‌കരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര 15 ഓവര്‍ ആകുമ്പോഴേക്കും 84/6 എന്ന നിലയിലാണ് രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ തകര്‍ന്നത്. ബംഗ്ലാദേശിനും 15 ഓവറില്‍ 58 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചെങ്കിലും വാങ്കഡെയില്‍ രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ ഓസ്‌ട്രേലിയ 91/7 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :