Virat Kohli: സെമി ഫൈനല്‍ കണ്ടാല്‍ മുട്ടിടി ! കോലിയുടേത് നിരാശപ്പെടുത്തുന്ന കണക്കുകള്‍; ഇതുവരെ രണ്ടക്കം കണ്ടിട്ടില്ല

നാലാം ഏകദിന ലോകകപ്പാണ് കോലി ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (09:21 IST)

Virat Kohli: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി ഇപ്പോള്‍. ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് 593 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. സെമി ഫൈനലിലും കോലി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണ്‍ ആകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏകദിന ലോകകപ്പ് സെമി ഫൈനലുകളില്‍ ഇതുവരെ രണ്ടക്കം കാണാന്‍ കോലിക്ക് സാധിച്ചിട്ടില്ല എന്ന ചരിത്രം ആരാധകരെ നിരാശരാക്കുന്നു.

നാലാം ഏകദിന ലോകകപ്പാണ് കോലി ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്നത്. ഇതിനു മുന്‍പത്തെ മൂന്ന് ഏകദിന ലോകകപ്പുകളിലും ഇന്ത്യ സെമിയില്‍ എത്തിയിരുന്നു. അതില്‍ 2011 ല്‍ കിരീടം ചൂടി. 2015 ല്‍ ഓസ്‌ട്രേലിയയോടും 2019 ല്‍ ന്യൂസിലന്‍ഡിനോടും സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായി.

2011 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. കളി ഇന്ത്യ ജയിച്ചെങ്കിലും വിരാട് കോലി സെമിയില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടു. ഒന്‍പത് റണ്‍സെടുത്ത കോലിയെ പാക് പേസര്‍ വഹാബ് റിയാസാണ് പുറത്താക്കിയത്. 2015 ലെ ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ ആണ് കോലിയെ മടക്കിയത്. അന്ന് കോലി നേടിയത് വെറും ഒരു റണ്‍സ് ! 2019 ലോകകപ്പ് സെമിയിലും കോലിക്ക് നേടാന്‍ സാധിച്ചത് ഒരു റണ്‍സ് മാത്രം. ട്രെന്റ് ബോള്‍ട്ടാണ് 2019 ലോകകപ്പ് സെമിയില്‍ കോലിയുടെ വില്ലനായത്. അതായത് ഇതുവരെ കളിച്ച മൂന്ന് ഏകദിന ലോകകപ്പ് സെമി ഫൈനലുകളിലും രണ്ടക്കം കാണാതെ ഇന്ത്യയുടെ റണ്‍മെഷീന്‍ പുറത്തായി !



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :