ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്സർ തിളങ്ങി
വിൽ യങ്ങിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 333 ന് ആതിഥേയർ ഓൾഔട്ടായി. ഒരു ഘട്ടത്തിൽ കിവീസിന്റെ സ്കോർ 350 കടക്കുമെന്ന് തോന്നിയതാണ്. ഇന്ത്യൻ ബൗളർമാരുടെ അവസരോചിതമായ ബ്രേക്കുകൾ കൂറ്റൻ സ്കോറിലേക്ക് പോകാതെ കാത്തു.
വിൽ യങ് 108 പന്തിൽ 14 ഫോറും നാല് സിക്സും സഹിതം 125 റൺസ് നേടി ടോപ് സ്കോററായി. ടിം സീഫർട്ട് 48 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 58 റൺസെടുത്തു. ഫിൻ ആലൻ (30 പന്തിൽ 41), മിച്ചൽ സാന്റ്നർ (24), ക്രിസ്റ്റിൻ ക്ലർക്ക് (22) എന്നിവരും തിളങ്ങി.
ഇന്ത്യക്കായി ബൗളിങ്ങിൽ അക്സർ പട്ടേൽ മികച്ച പ്രകടനം നടത്തി. 10 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, ഗുർനൂർ ബ്രാർ എന്നിവർക്കും രണ്ട് വീതം വിക്കറ്റുകൾ. അർഷ്ദീപ് സിങ്ങിനും നമാൻ ധിറിനും ഒരു വിക്കറ്റ് വീതം.
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 2-0 എന്ന നിലയിലാണ്. മൂന്നാം മത്സരം മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. സോണി സ്പോർട്സ് നെറ്റ് വർക്കിലും സോണി ലിവ് ആപ്പിലും മത്സരങ്ങൾ തത്സമയം കാണാം.
ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി നായകൻ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലും അവസാന രണ്ട് ഏകദിനങ്ങൾക്ക് ഇല്ല. ഇഷാൻ കിഷനാണ് ഇന്ന് വിക്കറ്റ് കീപ്പർ. ഗില്ലിന് പകരം ഓപ്പണറായി ഋതുരാജ് ഗെയ്ക്വാദ്.
