മറുപടിയില്ലാതെ അഫ്ഗാനിസ്ഥാൻ; മൂന്നാം ടി20 യിലും നാണംകെട്ട തോൽവി
India vs Afghanistan
ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും നാണംകെട്ട് തോറ്റ് അഫ്ഗാനിസ്ഥാൻ. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിനാണ് അഫ്ഗാന്റെ തോൽവി.
സ്‌കോർ കാർഡ്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 14.1 ഓവറിൽ അഫ്ഗാനിസ്ഥാൻ 94 ന് ഓൾഔട്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.
റെഡ്ഡിക്കും ബിഷ്‌ണോയ്ക്കും മൂന്ന് വീതം വിക്കറ്റുകൾ
നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും ഇന്ത്യക്കായി മൂന്ന് വീതം വിക്കറ്റുകൾ നേടി. നാല് ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങിയാണ് നിതീഷിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ബിഷ്‌ണോയ് 3.1 ഓവറിൽ 26 റൺസാണ് വഴങ്ങിയത്. അക്‌സർ പട്ടേലിന് രണ്ടും ജസ്പ്രിത് ബുംറ, യാഷ് താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റും.
അഭിഷേക് ശർമ കൊടുങ്കാറ്റായി
ഇന്ത്യയുടെ ടോട്ടൽ സ്‌കോർ 8.3 ഓവറിൽ 132 എത്തിയപ്പോൾ അഭിഷേക് ശർമ സെഞ്ചുറി തികച്ചു. വെറും 30 ബോളിൽ പത്ത് സിക്സും ഒൻപത് ഫോറും സഹിതമാണ് അഭിഷേകിന്റെ സെഞ്ചുറി. 34 ബോളിൽ 108 റൺസുമായാണ് അഭിഷേക് പുറത്തായത്.
ഇന്ത്യക്കായി ഏറ്റവും കുറവ് പന്തുകളിൽ ടി20 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കി. ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമയെയാണ് മറികടന്നത്. 2017 ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് 35 ബോളിൽ സെഞ്ചുറി നേടിയിരുന്നു. ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റിൽ 40 ൽ കുറവ് പന്ത് മാത്രം കളിച്ച് രണ്ട് സെഞ്ചുറികൾ തികച്ച ഏക താരമാണ് അഭിഷേക്. 2025 ൽ ഇംഗ്ലണ്ടിനെതിരെ വാങ്കഡെയിൽ വെച്ച് 37 ബോളിൽ സെഞ്ചുറി നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ താരത്തിന്റെ മൂന്നാം സെഞ്ചുറി കൂടിയാണിത്.
