Last Modified ഞായര്‍, 14 ജൂണ്‍ 2015 (17:22 IST)
ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അവസാന ദിവസമായ ഇന്നു കളി തീരുമ്പോൾ ബംഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് പോകാതെ 23 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 256 റൺസിന് പുറത്തായി. മഴ കളി മുടക്കിയതോടെയാണ് മൽസരം സമനിലയിലായത്.
ഒന്നാം ഇന്നിങ്സിൽ
ഇന്ത്യ ആറു വിക്കറ്റിന് 462 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ബംഗ്ലദേശിനുവേണ്ടി ഇമ്രുൽ കയേസ് (72) മാത്രമാണ് പിടിച്ചുനിന്നത്. ഇന്നലെ ബാറ്റു ചെയ്ത തമിം ഇക്ബാൽ 19 റൺസെടുത്തു പുറത്തായെങ്കിലും ഏറ്റവും അധികം റൺസെടുത്ത ബംഗ്ലദേശ് ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി. 50 ടെസ്റ്റിൽ നിന്ന് 3026 റൺസെടുത്ത ഹബിബുൾ ബാഷറിന്റെ റെക്കോർഡ് മറികടന്ന തമിം 40 മൽസരങ്ങളിൽ നിന്ന് 3039 റൺസിലെത്തി.
ഇന്ത്യയ്ക്കു വേണ്ടി ആർ. അശ്വിൻ അഞ്ചു വിക്കറ്റുകളെടുത്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഹർഭജൻ സിങ് മൂന്നും വരുൺ ആരോൺ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.