പെര്‍ത്ത്|
jibin|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (16:07 IST)
പരമ്പര കൈവിടാതിരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പെര്‍ത്തില്‍ നഷ്‌ടമാക്കുകയാണ് ടീം ഇന്ത്യ. 287 എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടരുകയെന്നത് വിഷമം പിടിച്ച പണിയാണ്. മികച്ച ഒരു തുടക്കം ലഭിച്ചാല്‍ അത് സാധ്യവുമായിരുന്നു.
എന്നാല്‍, ലോകേഷ് രാഹുല്‍ - മുരളി വിജയ് ഓപ്പണിംഗ് തുടക്കമിട്ട തകര്‍ച്ച അജിങ്ക്യാ രഹാനെയില്‍ എത്തി നില്‍ക്കുകയാണ്. ഒരു ദിവസവും അഞ്ച് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 175 എന്ന കൂറ്റന്‍ ടോട്ടലാണ്. അവസാന അംഗീകൃത ബാറ്റ്‌സ്‌മാനായ ഋഷഭ് പന്തും ഹനുമാ വിഹാരിയും ക്രീസില്‍ നില്‍ക്കുമ്പോള്‍
ഇന്ത്യ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.
തോല്‍വിയിലേക്കുള്ള ദൂരം എത്രയാണെന്നുള്ള ആശയക്കുഴപ്പം മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അപ്രതീക്ഷിത നീക്കങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ജയമെന്ന ഭാഗ്യം കോഹ്‌ലിപ്പടയെ തേടിയെത്തു. പ്രതിരോധിച്ച് കളിക്കാന്‍ അറിയാത്ത പന്തും പേസിനെ ഭയക്കുന്ന വിഹാരിയും അധികനേരം തുടരില്ല.
രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് കാരണം രാഹുല്‍ - വിജയ് സഖ്യമാണെന്നതില്‍ സംശയമില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുല്‍ ടീമിന് ഭാരമായി തീരുകയാണ്. പേസര്‍മാരെ കാണുമ്പോള്‍ മുട്ട് ഇടിക്കുന്ന രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന് കോഹ്‌ലി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
ചേതേശ്വര്‍ പൂജാരയുടെ വേഗത്തിലുള്ള പുറത്താകലും കോഹ്‌ലിയുടെ പരാജയവും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് തിരിച്ചടിയായി. പന്ത് - വിഹാരി സഖ്യം സെഞ്ചുറി കൂട്ട് കെട്ട് പടുത്തുയര്‍ത്തിയാല്‍ മാത്രമെ ജയസാധ്യതയുള്ളൂ. എന്നാല്‍, മിച്ചല്‍ സ്‌റ്റാര്‍ക്ക് നയിക്കുന്ന പേസ് ആക്രമണത്തിനു എത്രനേരം പിടിച്ചു നില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും പെര്‍ത്തിലെ ഇന്ത്യയുടെ വിധി.