പെര്‍ത്ത്|
jibin|
Last Modified വെള്ളി, 14 ഡിസംബര്‍ 2018 (17:45 IST)
പെര്‍ത്ത് ടെസ്‌റ്റിലെ ആദ്യ ദിനം ഇന്ത്യക്കാണോ ഓസ്‌ട്രേലിയക്കാണോ സ്വന്തമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കില്ല. ഇരു പക്ഷവും വലിയ പരുക്കുകളൊന്നുമില്ലാതെ ഒന്നാം ദിവസം കളി നിര്‍ത്തിയെന്നു പറയുന്നതാകും ഉചിതം.
മികച്ച തുടക്കം ലഭിച്ച ശേഷം ആറിന് 277 എന്ന നിലയിലേക്ക് അതിഥേയരെ തള്ളിവിടാന്‍ ഇന്ത്യക്കായി എന്നത് വലിയ നേട്ടമാണ്. തന്ത്രങ്ങള്‍ മെനയുന്നതില്‍ വിരാട് കോഹ്‌ലി പിന്നിലാണെന്ന് വിമര്‍ശിച്ചവര്‍ തല്‍ക്കാലം സംയമനം പാലിച്ചേ മതിയകൂ.
ഹാരിസ് - ഫിഞ്ച് ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് 112 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് സമ്മര്‍ദ്ദത്തിലായി. കോഹ്‌ലിയുടെയും രവി ശാസ്‌ത്രിയുടെയും ബോഡി ലാഗ്വേജില്‍ നിന്നും അത് വ്യക്തമായിരുന്നു. എന്നാല്‍, രണ്ടാം സെഷനില്‍ 79 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത്
ഇന്ത്യ മത്സരത്തില്‍ സ്വാധീനമുറപ്പിച്ചു.
കോഹ്‌ലിയുടെ നിര്‍ണായക ബോളിംഗ് ചേഞ്ചുകളും ഫീല്‍ഡിംഗ് ക്രമികരണവുമാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചെത്തിച്ചത്. അപകടകാരിയായ ഹാന്‍ഡ്‌സ്‌കോംപിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ കൂടാരം കയറ്റിയതും.
നിലയുറപ്പിച്ചാല്‍ വന്‍ ടോട്ടലുകള്‍ സ്വന്തമാക്കുന്ന ഉസ്മാൻ ഖവാജ ക്രീസില്‍ എത്തിയതിനു പിന്നാലെ ഉമേഷ് യാദവിന് പന്ത് നല്‍കി വിക്കറ്റെടുത്തതും കോഹ്‌ലിയുടെ നേട്ടം തന്നെയാണ്.
ഹാന്‍ഡ്‌സ്‌കോംപിനെ പുറത്താക്കാന്‍ കോഹ്‌ലിയെടുത്ത ക്യാച്ച് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നതായിരുന്നു.
രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. ഓസീസ് സ്‌കോര്‍ 400ന് അടുത്തെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. പേസും ബൌണ്‍സുമുള്ള പിച്ചില്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനൊപ്പം കമിന്‍സും ഹേസല്‍വുഡും ഫോമിലെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍, ഒന്നാം ദിവസം ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. പിച്ച് പേസര്‍മാരെ സഹായിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരും മികച്ച ടോട്ടല്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
അശ്വിന് പകരമായി ഒരു സ്‌പെഷ്യലിസ്‌റ്റ് സ്‌പിന്നറെ ഉള്‍പ്പെടുത്താതിരുന്നത് തിരിച്ചടിയായേക്കാം. ടെസ്‌റ്റിന്റെ അവസാന രണ്ടു ദിവസം സ്‌പിന്നിലെ തുണയ്‌ക്കുമെന്നതിനാല്‍ നഥാന്‍ ലിയോണ്‍ നാശം വിതയ്‌ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.