അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (15:12 IST)
ഐപിഎല്ലിന്റെ തിളക്കത്തിൽ നിന്നും രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇറങ്ങിയതോടെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനങ്ങളാണ്
ഇന്ത്യ -സൗത്താഫ്രിക്ക ടി20 പരമ്പരയിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. സീനിയർ താരങ്ങളില്ലാതെ റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇതുവരെ നടത്തിയത്.
ടി20 ലോകകപ്പ് അടുത്തിരിക്കെ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യൻ തോൽവിയെ ആശങ്കയോടെയാണ് ആരാധകർ നോക്കികാണുന്നത്. അതിനാൽ തന്നെ ആദ്യ രണ്ട് മത്സരങ്ങളിലെ ടീമിൽ ഇന്ന് മാറ്റം വരുമെന്നാണ് കരുതുന്നത്. ബാറ്റിംഗ് ശക്തി മെച്ചപ്പെടുത്താൻ അക്സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ വന്നേക്കാം. യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
ഓപ്പണിങ്ങിൽ ഋതുരാജിന് തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും താരത്തിന് വീണ്ടും അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. മധ്യനിരയിൽ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഫിനിഷിങ് റോളിൽ മികച്ച റെക്കോഡുള്ള ഹാർദിക് പാണ്ട്യ,ദിനേശ് കാർത്തിക് എന്നിവരുടെ പ്രകടനവും ഇന്ന് നിർണായകമാകും.കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് നിരയെ തന്നെയാകും ഇന്ത്യ നിലനിർത്തുക എന്നാണ് സൂചന.