ബുമ്ര തിരിച്ചെത്തുന്നതിൽ ഇന്ത്യയ്ക്ക് അത്ര സന്തോഷം വേണ്ട. പഴയ മികവ് ആവർത്തിക്കാൻ താരത്തിനാകില്ലെന്ന് വസീം ജാഫർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജൂലൈ 2023 (18:31 IST)
2023ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുക സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാവുമെന്നാണ് പല ക്രിക്കറ്റ് ആരാധകരും കണക്കാക്കുന്നത്. എന്നാല്‍ ദീര്‍ഘക്കാലമായി പരിക്കിനെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്തിറങ്ങുന്ന ബുമ്രയ്ക്ക് എത്രമാത്രം വേഗത്തില്‍ തന്റെ മികവ് വീണ്ടെടുക്കാനാകും എന്നതാകും ഇന്ത്യയ്ക്ക് നിര്‍ണായകമാവുക. ഈ സാഹചര്യത്തില്‍ ബുമ്ര ലോകകപ്പ് ടീമിലെത്തിയാലും പഴയ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ വസീം ജാഫര്‍ അഭിപ്രായപ്പെടുന്നത്.

2022 സെപ്റ്റംബര്‍ മുതല്‍ ബുമ്ര മത്സരാധിഷ്ഠിത ക്രിക്കറ്റ് കളിച്ചിട്ടില്ല. മുതുകിലെ ശസ്ത്രക്രിയയും മറ്റുമായി ഏറെനാള്‍ വിശ്രമത്തിലായിരുന്നു താരം. തീര്‍ച്ചയായും അദ്ദേഹം ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തില്‍ വലിയ പങ്ക് വഹിക്കുന്നെ താരമാണ്. ഇന്ത്യ പ്രധാനമായും ഡെത്ത് ഓവറുകളിലാണ് ബുമ്രയെ മിസ് ചെയ്യുന്നത്. എന്നിരുന്നാലും ബുമ്രയ്ക്ക് അയാളുടെ പഴയ ഫിറ്റ്‌നസിലേക്ക് പഴയ മികവിലേക്ക് തിരിച്ചെത്തുക എന്നത് എളുപ്പമാവില്ല. അയാള്‍ക്ക് പഴയ മികവില്‍ പഴയ വേഗതയില്‍ പന്തെറിയാനാകുമോ എന്നത് ഒരു ചോദ്യചിഹ്നമായിരിക്കും. ബുമ്രയ്ക്ക് പഴയ മികവ് നിലനിര്‍ത്താനായാല്‍ അത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. വസീം ജാഫര്‍ പറഞ്ഞു.

ഫിറ്റ്‌നസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചെത്താനായല്‍ തുടര്‍ന്നെത്തുന്ന ഏഷ്യകപ്പ്, ലോകകപ്പ് മത്സരങ്ങളില്‍ ബുമ്ര ടീമിന്റെ നിര്‍ണായകതാരങ്ങളില്‍ ഒരാളായി മാറും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :