എന്തുകൊണ്ട് ടിം ഡേവിഡിന് മുമ്പെ വിഷ്ണു വിനോദ്, മറുപടി നൽകി രോഹിത്

അഭിറാം മനോഹർ| Last Modified ശനി, 27 മെയ് 2023 (12:30 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ട് വെച്ച വമ്പന്‍ സ്‌കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ 2 ഓപ്പണര്‍മാരെയും ഇന്നലെ നഷ്ടമായിരുന്നു. ഇത്രയും വലിയൊരു റണ്‍ ചേസില്‍ കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ എന്നിവരുടെ പ്രകടനം മുംബൈയ്ക്ക് നിര്‍ണായകമായിരുന്നു. ഇതിനിടയില്‍ തിലക് വര്‍മ നടത്തിയ കാമിയോ പ്രകടനമായിരുന്നു വിക്കറ്റ് വീണെങ്കിലും മത്സരത്തില്‍ തുടരാന്‍ മുംബൈയെ പ്രാപ്തമാക്കിയത്. 14 പന്തില്‍ നിന്നും 43 റണ്‍സുമായി തകര്‍ത്തടിച്ച തിലക് ഒരു സമയത്ത് ഗുജറാത്തിന്റെ നെഞ്ചില്‍ തീ കോരിയിടുക തന്നെ ചെയ്തു.

തിലകിന് ശേഷം ക്രീസില്‍ ഒന്നിച്ച് കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ സഖ്യം ടീമിന് വിജയപ്രതീക്ഷ നല്‍കിതുടങ്ങിയ സമയത്ത് കാമറൂണ്‍ ഗ്രീനിനെ നഷ്ടമായതോടെ മലയാളി താരം വിഷ്ണു വിനോദാണ് ബാറ്റിംഗിനായി ക്രീസിലെത്തിയത്. ടിം ഡേവിഡിനെ പോലെ ഒരു ബിഗ് ഹിറ്റര്‍ ഇരിക്കെ വിഷ്ണു ബാറ്റിംഗിനെത്തിയത് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. അധികം വൈകാതെ തന്നെ താരം പുറത്തായതോടെ വലിയ വിമര്‍ശനമാണ് രോഹിത്തിന്റെ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്തുകൊണ്ടാണ് ഡേവിഡിന് പകരം വിഷ്ണു ഇറങ്ങിയതെന്നതിന് മത്സരശേഷം രോഹിത് മറുപടി പറയുകയുണ്ടായി.

വിഷ്ണു ആഭ്യന്തരക്രിക്കറ്റില്‍ ബിഗ് ഹിറ്റുകള്‍ നടത്തുന്ന താരമാണ്. ഞാന്‍ അവന്റെ കളി നേരിട്ട് കണ്ടിട്ടുള്ളതാണ്. അവന്റെ കഴിവ് എന്താണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ടിം ഡേവിഡിന് മുന്‍പെ അവനെ ഇറക്കിയത്. ഈ സീസണില്‍ ടിം ഡേവിഡിന് ടീം ഒരു ഉത്തരവാദിത്വം ഏല്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഗുജറാത്തിന്റെ ദിവസമാണ്. മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. വരും ദിവസങ്ങളിലും അത് തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു. രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :