അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (17:59 IST)
സൗത്താഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. പുതിയ നിശ്ചിത ഓവർ ടീം നായകനും ടെസ്റ്റ് ടീം ഉപനായകനുമായ ർഹിത് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. പരിക്ക് എത്ര സാരമുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ (രഘു) ബോള്‍ രോഹിത്തിന്റെ കൈയില്‍ കൊള്ളുകയായിരുന്നു. ഇതിനെ തുടർന്ന് രോഹിത് പരിശീലനം നിർത്തിവെച്ചു.
2016ൽ മുൻ വൈസ് ക്യാപ്‌റ്റൻ അജിങ്ക്യ രഹാനയ്ക്കും പരിശീലനത്തിനിടെ സമാനമായ രീതിയിൽ പരിക്കേറ്റിരുന്നു.ഈ മാസം 26നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 16ന് ടീം സൗത്താഫ്രിക്കയിലേക്കു തിരിക്കുകയും ചെയ്യും. പരിക്ക് സാരമുള്ളതാണെങ്കിൽ ടെസ്റ്റിൽ നിന്നും രോഹിത് വിട്ട് നിന്നേക്കും.
അങ്ങനെയെങ്കിൽ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ആദ്യ ടെസ്റ്റിനു ഇനിയും രണ്ടാഴ്ച ശേഷിക്കുന്നതിനാല്‍ രോഹിത്തിനു പരിക്കില്‍ നിന്നും മോചിതനാവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.