സൂര്യയുടെ പകരക്കാരനായി സഞ്ജുവോ ത്രിപാഠിയോ ഇല്ല!, ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമർശനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (19:34 IST)
ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയും സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇടം നേടാനാവാതെ സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും. സീനിയർ താരങ്ങൾ മാറിനിൽക്കുന്നതും ടീമിലെ മൂന്നാം നമ്പർ താരമായ സൂര്യകുമാർ യാദവിന്റെ പരിക്കും ഇരു താരങ്ങൾക്കും ടീമിൽ ഇടം നേടാൻ കാരണമാകുമെന്നാണ് ആരാധകർ കണക്കുക്കൂട്ടിയിരുന്നത്.

കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഉമ്രാൻ മാലിക്,ആർഷദീപ് സിങ് എന്നിവർ ഇടം നേടി. ഹാർദിക് പാണ്ട്യയും ദിനേശ് കാർത്തിക്കും ടീമിൽ തിരിച്ചെത്തി.ഇഷാൻ കിഷനും ടീമിൽ ഇടം പിടിച്ചു. മൂന്നാം നമ്പറിൽ എളുപ്പത്തിൽ റൺസ് കണ്ടെത്തുന്ന സൂര്യകുമാർ യാദവിനെ പോലെ മറ്റൊരു കളിക്കാരൻ നിലവിൽ പ്രഖ്യാപിച്ച ടി20 ടീമിലില്ല.

മൂന്നാം സ്ഥാനത്ത് സ്ഥിരമായി മികവ് പുലർത്തുന്ന ത്രിപാഠിയേയോ സഞ്ജു സാംസണിനെയോ ടീമിലേക്ക് പരിഗണിക്കാത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.സൂര്യയല്ലാതെ
ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ഈ രണ്ട് താരങ്ങളെയും വെല്ലുന്ന റക്കോർഡുകളുള്ള മറ്റ് താരങ്ങളില്ലെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു. മികച്ച പ്രകടനം നടത്തിയും ഇനിയും ത്രിപാഠിയെ പോലൊരു താരത്തെ ബിസിസിഐ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ലെന്നും ആരാധകർ ചോദിക്കുന്നു.

അതേസമയം ഐപിഎല്ലിൽ തീർത്തും പരാജയമായി വെങ്കിടേഷ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയതിരെയും വിമർശനം ശക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :