എൻ്റെ പ്ലാനിൽ ഒരു മാറ്റവും വന്നിട്ടില്ല, കഴിഞ്ഞ 13 വർഷവും ചെയ്യുന്നത് ഒരേ കാര്യം: മിച്ചൽ സ്റ്റാർക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (15:47 IST)
ഓസീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ നാണം കെട്ട തോൽവിയാണ് നേരിട്ടത്. മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിൻ്റ ബോളുകൾക്ക് മുന്നിൽ യാതൊരു മറുപടിയുമില്ലാതെയാണ് ഇന്ത്യൻ ബാറ്റർമാർ തോൽവി സമ്മതിച്ചത്. ചീട്ടുകൊട്ടാരം പോലെയാണ് കേൾവികേട്ട ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞത്.

എന്നാൽ കഴിഞ്ഞ 13 വർഷമായി തുടരുന്ന അതേ തന്ത്രം മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് മത്സരത്തിലെ മിന്നും പ്രകടനത്തെ പറ്റി ഓസീസ് പേസറായ മിച്ചൽ സ്റ്റാർക്ക് പറയുന്നത്. മത്സരത്തിൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേടിയിരുന്നു. 13 വർഷമായി എൻ്റെ പ്ലാനിൽ യാതൊരു മാറ്റവും വന്നിട്ടില്ല. പവർപ്ലേയിൽ ഫുൾ ലെങ്തിൽ പന്തെറിയിക. സ്റ്റമ്പ് പിഴുതെടുക്കുക. പരമാവധി സ്വിങ്ങ് ചെയ്യിക്കുക എന്നിവയാണ് കാലങ്ങളായി ചെയ്യുന്നത്. പവർപ്ലേയിൽ വളരെ വേഗത്തിൽ വിക്കറ്റെടുക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ കുറേകാലമായി ഇത് തന്നെയാണ് എൻ്റെ റോൾ. സ്റ്റാർക് പറഞ്ഞു.

ഇന്ത്യയെ പോലെ കരുത്തുറ്റ ബാറ്റിംഗ് നിരയെ നേരിടുമ്പോൾ പവർപ്ലേയിൽ പരമാവധി വിക്കറ്റ് വീഴ്ത്തുകയാണ് പ്രധാനം. അങ്ങനെയെങ്കിൽ മത്സരം നിങ്ങളുടെ നിയന്ത്രണത്തിലാകും. അതാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഞങ്ങൾ ചെയ്തത്. ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കുമ്പോൾ മൂന്നാം ഏകദിനം വിജയിച്ച് ഇന്ത്യൻ മണ്ണിൽ പരമ്പര നേടുകയാണ് ഇപ്പോൾ മുന്നിലുള്ള ലക്ഷ്യമെന്നും സ്റ്റാർക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :