രേണുക വേണു|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (08:57 IST)
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ലെഡ്ജിങ്ങിന് കണക്കിനു മറുപടി കൊടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സഞ്ജു 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം 60 റണ്‍സ് നേടി.
55 റണ്‍സിന് രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ്. ഒരു സമയത്ത് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ സഞ്ജു, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ പ്രകടനം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിനിടെ പലവട്ടം ഹാര്‍ദിക് പാണ്ഡ്യ സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.
മുഹമ്മദ് ഷമി പന്തെറിയാന്‍ വരുന്ന സമയത്ത് സഞ്ജുവിന്റെ സമീപത്തെത്തി ഹാര്‍ദിക് എന്തോ പറയുന്നുണ്ടായിരുന്നു. എന്നാല്‍ സഞ്ജു തിരിച്ചൊന്നും പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഹാര്‍ദിക്കിനെതിരെ മലയാളി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ആവശ്യവുമില്ലാതെയാണ് ഹാര്‍ദിക് സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളികളോടാണോ ഹാര്‍ദിക്കിന്റെ കളിയെന്നും ആരാധകര്‍ ചോദിക്കുന്നു.