ഹാര്‍ദിക് ചൊറിഞ്ഞു, സഞ്ജു കേറി മാന്തി; സ്ലെഡ്ജിങ്ങിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് രാജസ്ഥാന്‍ നായകന്‍

55 റണ്‍സിന് രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ്

രേണുക വേണു| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (08:45 IST)

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ലെഡ്ജിങ്ങിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സഞ്ജു 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 റണ്‍സ് നേടി.

55 റണ്‍സിന് രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ്. ഒരു സമയത്ത് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ സഞ്ജു, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ പ്രകടനം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പതിഞ്ഞ താളത്തില്‍ നീങ്ങുകയായിരുന്ന രാജസ്ഥാന്‍ ഇന്നിങ്‌സ് ട്രാക്ക് മാറിയത് 13-ാം ഓവറിലാണ്. ട്വന്റി 20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബൗളറായ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ തൂക്കിയാണ് സഞ്ജു സിഗ്നല്‍ നല്‍കിയത്. ആ ഓവറില്‍ 20 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.

അതിനു മുന്‍പ് വരെ പലപ്പോഴായി ഹാര്‍ദിക് പാണ്ഡ്യ സഞ്ജുവിന്റെ സ്ലെഡ്ജ് ചെയ്തിരുന്നു. ബൗണ്ടറി നേടാന്‍ സാധിക്കാത്തതില്‍ ഹാര്‍ദിക് സഞ്ജുവിനെ പരിഹസിക്കുന്ന ഘട്ടം വരെയെത്തി. എന്നാല്‍ എല്ലാ പരിഹാസങ്ങള്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു സഞ്ജു. ഹാര്‍ദിക് സഞ്ജുവിന്റെ അടുത്തുവന്ന് പ്രകോപിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :