ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോൾ ടീമെന്ന് മൈക്കൽ വോൺ, മറുപടി നൽകി ഹാർദ്ദിക്

അഭിറാം മനോഹർ| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (13:57 IST)
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോൾ ടീമാണ് ഇന്ത്യയുടേതെന്ന മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിൻ്റെ പരാമർശത്തിന് മറുപടിയുമായി ഇന്ത്യൻ താരം ഹാർദ്ദിക് പാണ്ഡ്യ. ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയായിരുന്നു വോണിൻ്റെ പരാമർശം.

ഇത്രയേറെ പ്രതിഭകളുണ്ടായിട്ടും ടി20യിൽ ഇത്രയും മോശമായി കളിക്കുന്ന ഇന്ത്യൻ ടീമിനെ കണ്ട് താൻ അമ്പരന്നുപോയെന്നും കളിക്കാരെ ശരിക്ക് ഉപയോഗിക്കാനറിയാത്തതാണ് ഇന്ത്യയുടെ പ്രശ്നമെന്നും വോൺ വിമർശിച്ചിരുന്നു. പവർ പ്ലേയിലെ ഇന്ത്യയുടെ സമീപനത്തെയും വോൺ നിശിതമായി വിമർശിച്ചിരുന്നു.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നെയാണ് ഹാർദ്ദിക് മറുപടിയുമായി എത്തിയത്. ഏറെ മെച്ചപ്പെടാനുണ്ടെങ്കിലും ആർക്കും മുന്നിലും തങ്ങൾക്ക് ഒന്നും തെളിയിക്കാനില്ലെന്ന് വോണിൻ്റെ പരാമർശത്തിന് മറുപടിയായി ഹാർദ്ദിക് പറഞ്ഞു. മോശം പ്രകടനം ഉണ്ടാകുമ്പോൾ ആളുകൾ അവരുടെ അഭിപ്രായം പറയും. ഞങ്ങൾ അതിനെ ബഹുമാനിക്കുനു. രാജ്യാന്തരതലത്തിൽ കളിക്കുന്ന താരങ്ങളെന്ന നിലയിൽ ഞങ്ങൾക്ക് ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല. ലോകകപ്പ് തോൽവിയിൽ നിരാശയുണ്ട്. തെറ്റുകൾ തിരുത്തുക എന്നതാണ് പ്രധാനം. ഹാർദ്ദിക് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :