ലോകകപ്പ് കളിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എട്ടിന്റെ പൂട്ടിട്ട് പൂട്ടൂം, ഐസിസി എടുക്കുക കടുത്ത അച്ചടക്ക നടപടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂലൈ 2023 (13:04 IST)
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ക്രിക്കറ്റ് ലോകത്ത് വീണ്ടും അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഹൈബ്രിഡ് മോഡലില്‍ ഏഷ്യാകപ്പ് നടത്താന്‍ പിന്നീട് ധാരണയായിരുന്നു. എന്നാല്‍ ലോകകപ്പ് വേദി പ്രഖ്യാപനമടക്കമുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോയതോടെ ഏഷ്യാകപ്പില്‍ പാകിസ്ഥാനില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് പാക് അധികൃതര്‍. എന്നാല്‍ ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍ ഐസിസിയുടെ കടുത്ത അച്ചടക്ക നടപടികളാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്.

ലോകകപ്പില്‍ നിന്നും പിന്മാറാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഐസിസി കടക്കും. ഇതൊടെ ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുന്ന സഹായം നിലയ്ക്കും. പാക് താരങ്ങള്‍ക്ക് മറ്റ് ടി20 ലീഗുകളില്‍ കളിക്കുന്നതിനും വിലക്ക് വന്നേയ്ക്കാം. അങ്ങനെയെങ്കില്‍ ആ തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്ന പക്ഷം ലോകകപ്പ് ക്വാളിഫയിങ് റൗണ്ടില്‍ മൂന്നാമതെത്തിയ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പ് യോഗ്യത ലഭിക്കും.

അതേസമയം പകിസ്ഥാന്‍ ഇല്ലാതെ ലോകകപ്പ് നടത്തുന്നത് കടുത്ത നഷ്ടമാകും ഐസിസിക്കുണ്ടാക്കുക. ഇന്ത്യ പാക് മത്സരത്തെ ചുറ്റിപറ്റിയാണ് ലോകകപ്പിന്റെ കച്ചവടസാധ്യത എന്നതിനാല്‍ തന്നെ പാകിസ്ഥാനെ പരമാവധി ഉള്‍കൊള്ളാനുള്ള ശ്രമങ്ങള്‍ ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടാകും. തുടര്‍ന്നും പാക് സര്‍ക്കാര്‍ ബഹിഷ്‌കരണ നടപടികളുമായി വരികയാണെങ്കില്‍ ഐസിസി കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായേക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :