ഫാബ് ഫോറെന്ന വിശേഷണം ഇനി വേണ്ട, ടെസ്റ്റില്‍ കോലി തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമെന്ന് ആകാശ് ചോപ്ര

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂലൈ 2023 (20:57 IST)
സമകാലീക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായ സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,വിരാട് കോലി,കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് ക്രിക്കറ്റ് ലോകം ഫാബുലസ് ഫോര്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ ബെസ്റ്റ് ഫോമായ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ താരങ്ങള്‍ സ്ഥിരതയോടെ നടത്തിയിട്ടുള്ള പ്രകടനങ്ങളാണ് ഇവര്‍ക്ക് ഈ വിശേഷണം നേടികൊടുത്തത്. എന്നാല്‍ 2020 മുതലുള്ള കണക്കുകള്‍ പരിഗണിച്ചാല്‍ കോലിയെ ഈ ഗ്രൂപ്പില്‍ പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ഫാബ് ഫോര്‍ ഫാബ് ത്രീയായി കുറഞ്ഞുവെന്ന് ആകാശ് ചോപ്ര പറയുന്നു.

കോലി ഒഴികെ മറ്റ് മൂന്ന് താരങ്ങളും കഴിഞ്ഞ 3 വര്‍ഷമായി സ്ഥിരതയോടെ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുമ്പോള്‍ കോലി തീര്‍ത്തും നിറം മങ്ങിയതായി ആകാശ് ചോപ്ര പറയുന്നു. 2014-2019 കാലഘട്ടത്തെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. ആ സമയത്ത് കോലി,സ്മിത്ത്,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഫാബ് ഫോര്‍ എന്ന് ഉറപ്പായിരുന്നു. വാസ്തവത്തില്‍ ഡേവിഡ് വാര്‍ണറെ പോലും ആ സമയത്തെ പ്രകടനത്തിന്റെ പേരില്‍ പട്ടികയ്ക്ക് തൊട്ടരികില്‍ വെയ്ക്കാനാകും. എന്നാല്‍ ഇപ്പോള്‍ ഫാബ് ത്രീ മാത്രമെയുള്ളു. ആകാശ് ചോപ്ര പറയുന്നു.

2014നും 19നും ഇടയില്‍ 62 മത്സരങ്ങളില്‍ നിന്ന് 58.71 ശരാശരിയില്‍ 22 സെഞ്ചുറികള്‍ സഹിതം 5695 റണ്‍സാണ് കോലി നേടിയത്. നാല് ഇരട്ടസെഞ്ചുറികള്‍ അടക്കമാണ് കോലിയുടെ പ്രകടനം. എന്നാല്‍ 2020ന് ശേഷം 25 ടെസ്റ്റ് മത്സരങ്ങള്‍ കോലി കളിച്ചപ്പോള്‍ 29.69 ശരാശരിയില്‍ 1277 റണ്‍സ് മാത്രമെ കോലിക്ക് നേടാനായിട്ടുള്ളു. ഇതില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലി നേടിയത്. നിലവില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കോലിയില്‍ നിന്നും വരുന്നില്ലെങ്കിലും ഫാബ് ഫോറില്‍ തിരിച്ചെത്താന്‍ കോലിക്ക് സാധിക്കുമെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :