ബാറ്റിങ് നിര്‍ത്തി കയറിപ്പോരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു, പകരക്കാരനെ അയക്കുകയും ചെയ്തു; ചത്താലും പിന്‍വാങ്ങില്ലെന്ന് മാക്‌സി !

രേണുക വേണു| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (15:00 IST)

കടുത്ത പേശീവലിവും വെച്ചുകൊണ്ടാണ് ഗ്ലെന്‍ മാക്‌സ്വെല്‍ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയ ഇന്നിങ്‌സ് കളിച്ചത്. സെഞ്ചുറിക്ക് ശേഷമാണ് മാക്‌സ്വെല്ലിന് പേശീവലിവ് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. അതോടെ സിംഗിളും ഡബിളും ഓടാന്‍ പറ്റാതെയായി. വേറെ വഴിയൊന്നും ഇല്ലാതെ ബൗണ്ടറികള്‍ മാത്രം കളിച്ചു തുടങ്ങി.

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പന്ത് ഷഫിള്‍ ചെയ്തു കളിക്കാന്‍ പോലും കഴിയാത്ത വിധം പേശീവലിവ് മാക്സ്വെല്‍ അനുഭവിച്ചിരുന്നു. ചില സമയത്ത് നേരെ നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 41-ാം ഓവറിലെ മൂന്നാം പന്ത് കഴിഞ്ഞപ്പോള്‍ മാക്സി ഗ്രൗണ്ടില്‍ തളര്‍ന്നു കിടന്നു. അംപയര്‍മാരും ഫിസിയോയും ഓടിയെത്തി. മാക്സ്വെല്ലിനെ വെച്ച് റിസ്‌ക്കെടുക്കാന്‍ ഓസ്ട്രേലിയന്‍ ടീമും തയ്യാറല്ലായിരുന്നു. പാഡ് കെട്ടി ഹെല്‍മറ്റും വെച്ച് ആദം സാംപ ബൗണ്ടറി ലൈനിനരികില്‍ വന്നു നിന്നു. മാക്സ്വെല്ലിന് വേണമെങ്കില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആകാന്‍ അവസരമുണ്ടായിരുന്നു. അയാള്‍ തയ്യാറായില്ല..! 292 റണ്‍സ് ചേസ് ചെയ്തു ഓസ്ട്രേലിയ ജയിക്കുമ്പോള്‍ മാക്സിയുടെ അക്കൗണ്ടില്‍ 128 പന്തില്‍ പുറത്താകാതെ 201 റണ്‍സ് ! അടിച്ചുകൂട്ടിയത് 21 ഫോറുകളും 10 സിക്സും...!

രണ്ട് തവണയാണ് മാക്‌സ്വെല്ലിന് റിട്ടയേര്‍ഡ് ഹര്‍ട്ടാകാന്‍ ഓസ്‌ട്രേലിയ മാനേജ്‌മെന്റ് അവസരം നല്‍കിയത്. രണ്ട് തവണയും ആദം സാംപയോട് തിരിച്ചു പോകാന്‍ മാക്‌സ്വെല്‍ ആവശ്യപ്പെട്ടു. പരുക്ക് ഗുരുതരമായാല്‍ സെമിയില്‍ മാക്‌സ്വെല്ലിന് കളിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ഓസ്‌ട്രേലിയ താരത്തോട് റിട്ടയേര്‍ഡ് ഹര്‍ട്ടാകാന്‍ ആവശ്യപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :