അഭിറാം മനോഹർ|
Last Modified ബുധന്‍, 8 നവംബര്‍ 2023 (14:47 IST)
ഏകദിന ക്രിക്കറ്റില്‍ ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോനി,വിരാട് കോലി എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 92 റണ്‍സ്, ദക്ഷിണാഫ്രിക്കക്കെതിരെ 23 എന്നിവയടക്കം ടൂര്‍ണമെന്റില്‍ 6 ഇന്നിങ്ങ്‌സില്‍ നിന്ന് 219 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.
ലോകകപ്പില്‍ 282 റണ്‍സെടുത്ത ബാബര്‍ അസമിനേക്കാള്‍ 6 പോയന്റുകളാണ് ശുഭ്മാന്‍ ഗില്ലിനുള്ളത്. ലോകക്രിക്കറ്റില്‍ കഴിഞ്ഞ 2 വര്‍ഷമായി ലോകറാങ്കിംഗില്‍ ഒന്നാമതുള്ള ബാബര്‍ അസമിന്റെ അപ്രമാദിത്വത്തിനാണ് ഇതോടെ അന്ത്യമായത്. ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്കന്‍ താരമായ ക്വിന്റണ്‍ ഡികോക്കാണ് റാങ്കിംഗില്‍ മൂന്നാമതുള്ളത്. ഇന്ത്യയുടെ വിരാട് കോലി റാങ്കിംഗില്‍ നാലാമതും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ പട്ടികയില്‍ അഞ്ചാമതുമാണ്. ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്.
അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ താരമായ കേശവ് മഹാരാജ് രണ്ടാം സ്ഥാനത്തും ഓസീസ് സ്പിന്നര്‍ ആദം സാമ്പ മൂന്നാം സ്ഥാനത്തുമാണ്.കുല്‍ദീപ് യാദവ്, ഷഹീന്‍ അഫ്രീദി എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി പട്ടികയില്‍ പത്താം സ്ഥാനത്താണ്.