വേറെ ഒരു ടീമും ഇവരെ പോലെ തരംതാഴില്ല; ബംഗ്ലാദേശിനെ രൂക്ഷമായി വിമര്‍ശിച്ച് ആഞ്ചലോ മാത്യുസ്

നിയമങ്ങള്‍ക്കുള്ളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുമില്ല. പക്ഷേ ഞാന്‍ എനിക്ക് അനുവദിച്ച രണ്ട് മിനിറ്റിനുള്ളില്‍ അവിടെ എത്തിയിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (12:08 IST)

ടൈംഡ് ഔട്ട് അപ്പീലിലൂടെ തന്നെ പുറത്താക്കിയ ബംഗ്ലാദേശിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യുസ്. വേറെ ഒരു ടീമും ബംഗ്ലാദേശിനെ പോലെ തരംതാഴില്ലെന്ന് മാത്യുസ് പറഞ്ഞു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുകൊണ്ടാണ് താന്‍ വൈകിയതെന്നും അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍ അത് മനസിലാക്കാമെന്നും മാത്യുസ് തുറന്നടിച്ചു.

' ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് ബാറ്റിങ്ങിനു തയ്യാറാകാന്‍ രണ്ട് മിനിറ്റുണ്ടായിരുന്നു, അത് ഞാന്‍ ചെയ്തു. പക്ഷേ ഉപകരണത്തിന്റെ (ഹെല്‍മറ്റ്) തകരാറാണ് പ്രശ്‌നമായത്. കോമണ്‍ സെന്‍സ് ഉണ്ടായാല്‍ ഇതൊക്കെ മനസിലാകില്ലേ? ഷാക്കിബില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉണ്ടായത് അപമാനകരമായ നടപടിയാണ്,'

' ഈ രീതിയിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. പക്ഷേ ഇതൊരു തെറ്റായ സമീപനമാണ്. വിക്കറ്റ് പോയ ശേഷം ക്രീസിലെത്താന്‍ രണ്ട് മിനിറ്റാണെന്ന് നിയമം പറയുന്നു. യഥാര്‍ഥത്തില്‍ എനിക്ക് അഞ്ച് സെക്കന്‍ഡ് കൂടി ശേഷിച്ചിരുന്നു. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശിനോടും ബഹുമാനം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നത്. നിയമങ്ങള്‍ക്കുള്ളില്‍ വരുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുമില്ല. പക്ഷേ ഞാന്‍ എനിക്ക് അനുവദിച്ച രണ്ട് മിനിറ്റിനുള്ളില്‍ അവിടെ എത്തിയിരുന്നു. അതിന്റെ വീഡിയോ തെളിവുകള്‍ ലഭ്യമാണ്. എന്റെ 15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഒരു ടീം ഇത്ര തരംതാഴുന്ന അവസ്ഥയിലേക്ക് പോകുന്നത് കണ്ടിട്ടില്ല. വേറെ ഏതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,' ആഞ്ചലോ മാത്യുസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :