അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഡിസംബര്‍ 2023 (14:20 IST)
2024 ഐപിഎല്‍ സീസണിന് മുന്നോടിയായി തന്റെ മുന്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍, കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടം നേടികൊടുത്ത നായകനായ ഗംഭീര്‍ ഇത്തവണ മെന്റര്‍ റോളിലാണ് കൊല്‍ക്കത്തയിലെത്തുന്നത്. 2011 മുതല്‍ 2017 വരെ കൊല്‍ക്കത്തന്‍ നായകനായ ഗംഭീര്‍ ഫ്രാഞ്ചൈസിയുടെ മികച്ച താരങ്ങളില്‍ ഒരാളാണ്.
ഇപ്പോഴിതാ 2014ലെ സീസണില്‍ ബാറ്റിംഗില്‍ തിളങ്ങാതിരുന്നതോടെ ഫ്രാഞ്ചൈസി വിടാന്‍ തയ്യാറായിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 2014ലെ ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഞാന്‍ പൂജ്യത്തിന് പുറത്തായി. നാലാം മത്സരത്തില്‍ ഒരു റണ്‍സാണ് നേടാനായത്. കളിച്ച അഞ്ചില്‍ നാലു കളികളിലും കൊല്‍ക്കത്ത തോരു. ഈ സമയത്ത് ടീം വിടാന്‍ താന്‍ ആലോചിക്കുന്ന കാര്യം ഷാറൂഖിനോട് പറഞ്ഞു. ടീമിന് വേണ്ടി ആത്മാര്‍ഥമായി കളിക്കുന്ന കാലമത്രയും ടീം വിടരുതെന്നാണ് ഷാറൂഖ് പറഞ്ഞത്. തുടര്‍ന്ന് മൂന്നോ നാലോ അര്‍ധസെഞ്ചുറികള്‍ സീസണില്‍ തുടര്‍ച്ചയായി നേടാന്‍ എനിക്കായി. വിജയകരമായാണ് സീസണ്‍ അവസാനിപ്പിച്ചത്. 7 വര്‍ഷക്കാലം കൊല്‍ക്കത്തയിലുണ്ടായിരുന്ന സമയത്ത് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഷാറൂഖുമായി സംസാരിച്ച ഒരേ ഒരു കാര്യം ഇക്കാര്യമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.