'അയാള്‍ക്ക് എത്രത്തോളും വിഷമം തോന്നും, കോലിയേക്കാള്‍ നല്ലത് രാഹുല്‍ തന്നെയാണ്'; രോഹിത് ശര്‍മയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍

ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ടീമിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഗൗതം ഗംഭീര്‍

രേണുക വേണു| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (08:39 IST)

വിരാട് കോലിയെ ട്വന്റി 20 യില്‍ ഓപ്പണറായും പരിഗണിക്കുമെന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കെ.എല്‍.രാഹുലിന് അരക്ഷിതാവസ്ഥ തോന്നുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ടീമിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

' കോലി അവസാന കളിയില്‍ സെഞ്ചുറി നേടിയപ്പോള്‍ രാഹുലും രോഹിത്തും കഴിഞ്ഞ കുറേ നാളായി ഇന്ത്യക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ നമ്മള്‍ മറന്നു. കോലിയെ കുറിച്ച് മാത്രമായി സംസാരം. കോലിയെ ഓപ്പണറാക്കി ഇറക്കുന്ന കാര്യം സംസാരിക്കുമ്പോള്‍ കെ.എല്‍.രാഹുലിന് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ? എത്രത്തോളം സുരക്ഷിതത്വമില്ലായ്മയാണ് രാഹുലിന് തോന്നുക. അടുത്ത കളിയില്‍ രാഹുല്‍ ചെറിയ സ്‌കോറിന് പുറത്തായാല്‍ കോലി പിന്നീടുള്ള കളിയില്‍ ഓപ്പണറാകണമെന്നാകും ചര്‍ച്ച,' ഗംഭീര്‍ പറഞ്ഞു.

' ഓപ്പണര്‍ പൊസിഷനില്‍ കെ.എല്‍.രാഹുലിനെ പോലൊരു ടോപ് ക്ലാസ് താരത്തെ നിങ്ങള്‍ക്ക് ആവശ്യമില്ലേ? പ്രത്യേകിച്ച് രോഹിത് ശര്‍മയേക്കാളും വിരാട് കോലിയേക്കാളും കൂടുതല്‍ കഴിവുള്ള താരമാണ് രാഹുല്‍. ഇത്തരത്തിലുള്ള ചോദ്യങ്ങളേ ഉണ്ടാകരുത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചിന്തിക്കൂ. രാഹുലിന്റെയും രോഹിത്തിന്റെയും ഭാഗത്തുനിന്ന് ചിന്തിക്കാം. രോഹിത്ത് ഇപ്പോള്‍ ക്യാപ്റ്റനാണ്. അല്ലാത്ത അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. ഇന്ത്യക്ക് എങ്ങനെ വളരാം എന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാം, ഓരോ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ കൂടുതലായി.' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :