ഇന്ത്യൻ ടീം ഭാവി നായകനെ കാണുന്നത് ഹാർദ്ദിക്കിലും സഞ്ജുവിലും, സഞ്ജു നയിക്കുന്ന എ ടീമിൽ ഐപിഎല്ലിലെ സൂപ്പർ താരങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (11:16 IST)
ചെന്നൈയിൽ നടക്കുന്ന ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ എ ടീമിനെ നയിക്കുക മലയാളി താരം സഞ്ജു സാംസൺ. വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഭാവിയിൽ നിർണായകമായ റോൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരമായാണ് സഞ്ജുവിനെ ഇന്ത്യൻ സെലക്ടർമാർ കാണുന്നത് എന്നതിൻ്റെ സൂചനയാണ് ഐപിഎല്ലിലെ പ്രമുഖ താരങ്ങളും കുൽദീപ് യാദവ് അടക്കമുള്ള സീനിയർ താരങ്ങളുമുള്ള ടീമിനെ നയിക്കാനുള്ള ചുമതല സഞ്ജുവിനെ ഏൽപ്പിച്ചതിൽ നിന്നും വ്യക്തമാകുന്നത്.

വരാനിരിക്കുന്ന ഓസീസ്,ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ടി20 പരമ്പരകൾ, ടി20 ലോകകപ്പ് ടീമുകളിൽ നിന്ന് സഞ്ജു നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. ടി20 താരമായാണ് ഇന്ത്യൻ ടീമിൽ പ്രവേശിച്ചതെങ്കിലും ബിസിസിഐ സഞ്ജുവിൽ ഒരു ഏകദിന താരത്തെയാണ് കാണുന്നത് എന്ന സൂചനയാണ് ഏകദിനമത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൻ്റെ ചുമതല.

ഏകദിനത്തിൽ ഇന്ത്യൻ ജേഴ്സിയിൽ മികച്ച റെക്കോർഡാണ് താരത്തിനുള്ളത്. ഏകദിനത്തിൽ തൻ്റെ മികവ് തുടരാനായാൽ ടി20 ലോകകപ്പിലെ സ്ഥാനനഷ്ടം 2023ൽ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ സഞ്ജുവിന് പരിഹരിക്കാൻ സാധിക്കും. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്ക്വാദ്, കെ എസ് ഭരത്, രാഹുൽ ത്രിപാഠി,കുൽദീപ് യാദവ്,രാഹുൽ ചാഹർ,കുൽദീപ് യാദവ്,ഉമ്രാൻ മാലി,തിലക് വർമ,ഷഹ്ബാസ് അഹമ്മദ് എന്നിങ്ങനെ മികവ് തെളിയിച്ച താരങ്ങളെ നയിക്കാനുള്ള ചുമതലയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

രോഹിത് ശർമ,വിരാട് കോലി എന്നീ താരങ്ങൾ അധികം വൈകാതെ തങ്ങളുടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ സാധ്യത മുന്നിൽ നിൽക്കെ പുതിയ ക്യാപ്റ്റൻസി ഓപ്ഷനുകളാണ് ബിസിസിഐ തിരയുന്നത്. കെ എൽ രാഹുലിന് പുറമെ ഹാർദ്ദിക് പാണ്ഡ്യ, എന്നീ പേരുകളാണ് ബിസിസിഐയുടെ റഡാറിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :