അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ജൂണ്‍ 2024 (16:07 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും എന്നാല്‍ അടുത്തയാഴ്ച മുതല്‍ താന്‍ തൊഴില്‍ രഹിതനാവുകയാണെന്നും ദ്രാവിഡ് തമാശരൂപേണ പ്രതികരിച്ചു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ 7 റണ്‍സിന്റെ വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടനേട്ടം സ്വന്തമാക്കുന്നത്.
ഈ ടീമിനെ ഓര്‍ത്ത് വളരെയേറെ അഭിമാനിക്കുന്നു. മത്സരം തുടങ്ങി 6 ഓവറില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിട്ടും മികച്ച രീതിയിലാണ് ടീം പൊരുതിയത്. അവര്‍ അവരുടെ കഴിവുകളില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. ദ്രാവിഡ് പറഞ്ഞു. അതേസമയം 2007ല്‍ നായകനായി ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ത്തതായി വിജയത്തെ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോടും ദ്രാവിഡ് പ്രതികരിച്ചു. അത്തരത്തീലുള്ള കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെപോലെ ഒട്ടേറെ താരങ്ങള്‍ ടീമിനായി പ്രധാന കിരീടനേട്ടങ്ങള്‍ സ്വന്തമാക്കാനാവാതെ കരിയര്‍ അവസാനിപ്പിച്ചതായുണ്ട്. ഇന്ത്യന്‍ ടീമുനൊപ്പം നീണ്ട 2 വര്‍ഷക്കാലത്തെ യാത്രയായിരുന്നു. ടീമിന് എത്തരത്തിലുള്ള കളിക്കാരാണ് വേണ്ടത്, എങ്ങനെയാണ് ടീം കളിക്കേണ്ടത് എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളെല്ലാം 2021 സെപ്റ്റംബര്‍ മുതലെ ആരംഭിച്ചിരുന്നു. ദ്രാവിഡ് പറയുന്നു.
ഡ്രസ്സിംഗ് റൂമ്മിലെ ഒരുപാട് ഓര്‍മകള്‍ എനിക്കൊപ്പമുണ്ട്. അതിന് ടീമിനോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൂടിയാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. രോഹിത് ശര്‍മയെ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ മിസ് ചെയ്യും. ഈ സൗഹൃദം തുടര്‍ന്ന് പോകുമെന്ന് കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി പ്രതിഭകള്‍ നിലവിലുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും കൂടുതല്‍ കിരീടങ്ങള്‍ അവര്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. ദ്രാവിഡ് പറഞ്ഞു.