അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജൂണ്‍ 2024 (15:43 IST)
ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന് ഏതാണ്ട് സ്ഥിരീകരണമായതോടെ സപ്പോര്‍ട്ട് സ്റ്റാഫുകളായി ആരെല്ലാമാകും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക എന്ന ചര്‍ച്ചയിലാാണ് ക്രിക്കറ്റ് ആരാധകര്‍. ടീം പരിശീലകസ്ഥാനം ഏറ്റെടുക്കണമെങ്കില്‍ തനിക്ക് ഇഷ്ടമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് ഗംഭീര്‍ നേരത്തെ തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്‌സിനെയാണ് ഗംഭീര്‍ കണ്ണുവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ബൗളിംഗ് പരിശീലകരായി മുന്‍ ഇന്ത്യന്‍ പേസര്‍മാരും ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ സഹതാരങ്ങളുമായിരുന്ന 2 പേരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെയും പരിശീലകനെന്ന നിലയില്‍ ഐപിഎല്ലില്‍ കഴിവ് തെളിയിച്ചിട്ടുള്ള ആശിഷ് നെഹ്‌റയുമാണ് ബൗളിംഗ് പരിശീലകനായി ഗംഭീര്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൗളിംഗ് താരമെന്ന രീതിയില്‍ ഇന്ത്യയ്ക്കായി മികച്ച റെക്കോര്‍ഡുള്ള താരമാണ് സഹീര്‍ ഖാന്‍. സഹീര്‍ഖാന്റെ അനുഭവസമ്പത്തും മികവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായേക്കും. അതേസമയം ഒരു സമയത്ത് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരാണ് ആശിഷ് നെഹ്‌റയുടേത്.
അതിനാല്‍ തന്നെ ബൗളിംഗ് പരിശീലകനായി നെഹ്‌റ എത്തുമോ എന്നത് സംശയമാണ്.