കൊളംബോ|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (13:27 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം പാകിസ്ഥാന്‍ മണ്ണിലേക്ക് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മൂന്ന് ട്വന്റി-20 മത്സരങ്ങളും അത്രയും തന്നെ ഏകദിനങ്ങളും കളിക്കാന്‍ ശ്രീലങ്ക എത്തുമെന്നായിരുന്നു പാക്
ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ കളിക്കാന്‍ ലങ്കന്‍ താരങ്ങള്‍ തയ്യാറല്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ നിരോഷൻ ഡിക്കവല്ല, ഓൾറൗണ്ടർ തിസാര പെരേര തുടങ്ങിയവര്‍ എതിർപ്പ് പരസ്യമാക്കി. പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് പല താരങ്ങളും ബോര്‍ഡിനെ അറിയിച്ചു.
പാക് പര്യടനം നടക്കുന്ന സമയത്ത് കരീബിയൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ അനുവാദം നല്‍കണമെന്നാണ് ഡിക്കവല്ലയും തിസാര പെരേരയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തുമെന്നാണ് സൂചന.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി-20 മത്സരങ്ങളും ഏകദിനങ്ങളും പാകിസ്ഥാനിലാണ് നടക്കുക. രണ്ട് ടെസ്‌റ്റ് മത്സരങ്ങളും പരമ്പരയില്‍ ഉണ്ടെങ്കിലും അവ നടക്കുന്നത് യു എ യിലായിരിക്കും. ചില ലങ്കന്‍ താരങ്ങളുടെ എതിര്‍പ്പാണ് ടെസ്‌റ്റ് മത്സരങ്ങളുടെ വേദി മാറ്റത്തിന് കാരണമായത്.
2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായ ശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. പിന്നീട് 2015ല്‍ സിംബാബ്‌വെ പാക്കിസ്ഥാനില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി എത്തിയിരുന്നു. 2017ല്‍ ശ്രീലങ്ക, പാക്കിസ്ഥാനില്‍ കളിച്ചിരുന്നു. അന്ന് ഒരു ടി20 മത്സരമാണ് ലങ്ക കളിച്ചത്.