സനത് ജയസൂര്യ മരിച്ചെന്ന് വാർത്ത; വഴിയേ പോയ വയ്യാവേലി തലയിലെടുത്ത് വെച്ച് അശ്വിൻ

Last Modified ചൊവ്വ, 28 മെയ് 2019 (09:45 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മരിച്ചെന്ന വ്യാജ വാര്‍ത്ത ഷെയർ ചെയ്ത സംഭവത്തിൽ പുലിവാൽ പിടിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിൻ‍. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ശരിയാണോ എന്നാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. എന്നാൽ, അശ്വിന്റെ പക്വതയില്ലായ്മയെ ചോദ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ.

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ വെച്ച് മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് ജയസൂര്യ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതറിയാതെയാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ വ്യാജമാണെന്നും അവ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട് മെയ് 21ന് ജയസൂര്യ രംഗത്തെത്തിയിരുന്നു. എന്നാൽ, അതിനു ശേഷമാണ് ട്വീറ്റ് ചെയ്തത്. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത, ശരിയാണോ എന്നും തനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നുമായുരുന്നു അശ്വിന്റെ ട്വീറ്റ്.

ജയസൂര്യയെ കുറിച്ചുള്ള പ്രചാരണം സത്യമാണോ എന്നറിയാന്‍ മറ്റ് വഴികളുള്ളപ്പോഴാണ് അശ്വിന്റെ ഈ അപക്വമായ പ്രതികരണമെന്ന് സോഷ്യൽ മീഡിയ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :