രേണുക വേണു|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (08:21 IST)
England vs Australia, Ashes 5th Test: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഓസ്‌ട്രേലിയയെ 49 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. 383 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 334 റണ്‍സിന് ഓള്‍ഔട്ടായി. വിക്കറ്റ് നഷ്ടപ്പെടാതെ 140 റണ്‍സെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍മാര്‍ മടങ്ങിയതോടെ തകരുകയായിരുന്നു. ഉസ്മാന്‍ ഖവാജ (145 പന്തില്‍ 72), ഡേവിഡ് വാര്‍ണര്‍ (106 പന്തില്‍ 60), സ്റ്റീവ് സ്മിത്ത് (94 പന്തില്‍ 54), ട്രാവിസ് ഹെഡ് (70 പന്തില്‍ 43) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് നാലും മൊയീന്‍ അലി മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 283 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 12 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ കണ്ടെത്തിയതാണ് ഓസീസിന് തിരിച്ചടിയായത്. 395 റണ്‍സാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.
ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിലായി. നാലാം ടെസ്റ്റ് മഴ മൂലം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യ രണ്ട് ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ മൂന്നാമത്തെയും അഞ്ചാമത്തെയും ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചു. പരമ്പര സമനിലയില്‍ ആണെങ്കിലും ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തി. പരമ്പര സമനിലയില്‍ ആയാല്‍ മുന്‍ ആഷസില്‍ ആരാണോ കിരീടം ചൂടിയത് അവര്‍ക്ക് തന്നെ നിലനിര്‍ത്താം എന്നാണ് നിയമം.