അടിച്ചു‌തകർത്ത് ഇംഗ്ലണ്ട് ബാറ്റിംഗ് നിര, ആദ്യ ടി20യിൽ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് തോൽവി

അഭിറാം മനോഹർ| Last Modified ശനി, 13 മാര്‍ച്ച് 2021 (08:05 IST)
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. മുന്നോട്ട് വെച്ച 125 റൺസ് എന്ന വിജയലക്ഷ്യം വെറും 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നു. ഓപ്പണർമാരായ ജേസൺ റോയിയും ജോസ് ബട്ട്‌ലറും നൽകിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് തുണയായത്.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ‌യ്ക്ക് തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ടു. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മത്സരത്തിൽ അക്കൗണ്ട് തുറക്കാൻ ആയില്ല. തുടർന്ന സമ്മർദ്ദത്തിലായ ഇന്ത്യയെ 48 പന്തിൽ നിന്നും 67 റൺസെടുത്ത ശ്രേയസ് അയ്യരാണ് പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളിങ് നിരയ്‌ക്കായില്ല. പവർപ്ലേയിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 50 റണ്‍സ് നേടിയ സന്ദർശകർ തുടക്കത്തിലെ കളിയിൽ ആധിപത്യം സ്വന്തമാക്കി. 24 പന്തിൽ 28 റൺസുമായി ജോസ് ബട്ട്‌ലർ മടങ്ങുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 72 എന്ന സുരക്ഷിതമായ നിലയിൽ എത്തിയിരുന്നു.

തുടർന്നെത്തിയ ഡേവിഡ് മലാനും സമ്മർദ്ദങ്ങളില്ലാതെയാണ് കളിച്ചത്. 49 റൺശെടുത്ത ജേസൺ റോയിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്നെത്തിയ ജോണി ബെയർസ്റ്റോയും തകർത്തടിച്ചതോടെ ഇംഗ്ലണ്ട് 15.3 ഓവറിൽ വിജയലക്ഷ്യം കുറിച്ചു.മലാന്‍ 20 പന്തില്‍ 24 റണ്‍സുമായും ബെയര്‍സ്റ്റോ 17 പന്തില്‍ 26 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്നും ആദിലും വുഡും ജോര്‍ദാനും സ്റ്റോക്‌സും ഓരോ വിക്കറ്റും വീഴ്‌ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :