ഇത് സ്പെഷ്യലാണ് ,എന്നെ ഒരുപാട് പേർ എഴുതിത്തള്ളിയിരുന്നു: തിരിച്ചുവരവിൽ ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (19:40 IST)
ക്രിക്കറ്റ് കരിയർ ഉപേക്ഷിച്ച് ദിനേശ് കാർത്തിക് മുഴുവൻ സമയം കമന്റേറ്ററായി മാറുമെന്ന് ഐപിഎല്ലിന് മുൻപ് വരെ ആര് പറഞ്ഞിരുന്നെങ്കിലും ഒരു ശരാശരി ക്രിക്കറ്റ് ആരാധകൻ അത് തീർച്ചയായും സമ്മതിക്കുമായിരുന്നു. 36 വയസിൽ ചില മത്സരങ്ങളിൽ കമന്ററി നടത്തി മികവ് തെളിയിച്ചതോടെ ക്രിക്കറ്റ് മൈതാനത്ത് കാർത്തിക്കിന് അധികം ആയുസില്ല എന്ന് പറഞ്ഞവരെ തീർച്ചയായും കുറ്റം പറയാനാകില്ല.

എന്നാൽ ഐപിഎൽ ലീഗ് മത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയുടെ ഫിനിഷർ റോളിലേക്ക് കാർത്തികിന് പകരം വെയ്ക്കാൻ മറ്റാരുമില്ല എന്നതാണ് സത്യം.ഇപ്പോഴിതാ 2019ന് ശേഷം ടീമിൽ മടങ്ങിയെത്തിയതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം. ഇത്തവണത്തേത് ഏറ്റവും സ്പെഷ്യലായ തിരിച്ചുവരവാണ്. ഒരുപാട് പേർ എന്നെ എഴുതിത്തള്ളിയിരുന്നു.ദേശീയ ടീമിൽ നിന്നും പുറത്തായശേഷം ഞാൻ കമന്ററിയിലേക്ക് തിരിഞ്ഞപ്പോൾ എന്റെ കരിയർ തീർന്നെന്ന് കരുതി എഴുതിത്തള്ളിയവരുണ്ട് അപ്പോഴും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നതിനാണ് ഞാൻ മുൻഗണന നൽകിയിരുന്നത്. കാർത്തിക് പറഞ്ഞു.

ലോകകപ്പ് ടീമിലേക്ക് ഒരുപാട് ദൂരം ഇനിയും ഉണ്ടെങ്കിലും വീണ്ടും ടീമിൽ തിരിച്ചെത്താനായത് സന്തോഷം നൽകുന്ന കാര്യമാണെന്നും കാർത്തിക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :