ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പന്തിനെ അപമാനിച്ചു, പൊട്ടിത്തെറിച്ച് ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (10:33 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ആധിപത്യം നേടിയ ഇംഗ്ലണ്ടിൽ നിന്നും കളി തിരികെ പിടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പിങ്ങ് താരം റിഷഭ് പന്ത് നടത്തിയത്. 98ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യയെ സമ്മർദ്ദഘട്ടത്തിൽ നിന്ന് അനായാസം സ്കോർ ഉയർത്തി കൂറ്റൻ സ്കോറിലേക്ക് നയിച്ച പന്ത് 111 പന്തിൽ നിന്നും 19 ഫോറും നാല് സിക്സറും ഉൾപ്പടെ 146 റൺസ് അടിച്ചെടുത്തിരുന്നു.

ഏകദിനശൈലിയിൽ ഞെട്ടിപ്പിക്കുന്ന പ്രകടനമായി തിളങ്ങിയ പന്തിൻ്റെ പ്രകടനത്തിൻ്റെ ഹൈലൈറ്റ്സ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പങ്കുവെച്ചപ്പോൾ കൊടുത്ത തലക്കെട്ടാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആധിപത്യം കാണിച്ച റിഷഭ് പന്തിനെ റൂട്ട് പുറത്താക്കി എന്നായിരുന്നു ഇസിബിയുടെ തലക്കെട്ട്. തലക്കെട്ട് റിഷഭ് പന്തിൻ്റെ പ്രകടനത്തെ അവഗണിക്കുന്നതാണെന്ന് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാൺ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്.

വളരെ ആവേശകരമായ മത്സരം കണ്ട ദിവസത്തില്‍ ഇസിബി നല്‍കിയ തലക്കെട്ട് അല്‍പ്പം കൂടി മികച്ചതാക്കാമായിരുന്നു. റിഷഭ് പന്ത് കളിച്ച ക്രിക്കറ്റ് രണ്ട് ടീമിന്റെയും ഗുണമേന്മയെ എടുത്തു കാട്ടുന്നതാണ്. എങ്ങനെയാണ് ഒരു ദിവസത്തെ നിങ്ങള്‍ വിലയിരുത്തുന്നതെന്നാണ് കാട്ടിയത്. കാർത്തിക് ട്വീറ്റ് ചെയ്തു. റിഷബ് പന്തിൻ്റെയും സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡെജയുടെയും സെഞ്ചുറി കരുത്തിൽ 416 റൺസാണ് ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :